
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തനിക്കെതിരെ ബിജെപി എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റു ചെയ്ത വിമർശനത്തിനു മറുപടിയുമായി തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. നീതികെട്ടവരെ തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഔദ്യോഗിക ട്വിറ്റർ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് എഴുതിയിരിക്കുന്ന ടീ ഷർട്ട് ധരിച്ച് നിൽക്കുന്ന തന്റെ ചിത്രം പോസ്റ്റിന് കീഴിലായി അദ്ദേഹം കമന്റ് ചെയ്തു.
‘‘ഈ തെറ്റുകാരെ തിരിച്ചറിയുക. അവർ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുന്നു’’ എന്നായിരുന്നു ഹിന്ദിയിൽ ബിജെപിയുടെ പോസ്റ്റ്. ഇതിനു മറുപടിയായാണ് ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് ഇംഗ്ലിഷിൽ എഴുതിയ ചുവന്ന നിറത്തിലുള്ള ടീഷർട് ധരിച്ചിരിക്കുന്ന തന്റെ ചിത്രം ഉദയനിധി പോസ്റ്റ് ചെയ്തത്.
— Udhay (@Udhaystalin) January 22, 2024
സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് നേരത്തെ സ്റ്റാലിൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കമുള്ളവർ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.