നീറ്റ് പരീക്ഷ റദ്ദാക്കില്ല; ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി

ഡൽഹി: ക്രമക്കേട് ആരോപണം ഉയർന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എന്‍ടിഎയുടെ ഘടന, പ്രവര്‍ത്തനം, പരീക്ഷാരീതി, സുതാര്യത, ഡാറ്റാ സുരക്ഷിതത്വം എന്നീ വിഷയങ്ങളിലാണ് ഉന്നതതല സമിതി നിര്‍ദേശങ്ങള്‍ സമർപ്പിക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ക്രമക്കേടിന് പിന്നിൽ എത്ര ഉന്നതരായാലും കർശന നടപടി ഉണ്ടാകും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ്, നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെല​ഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാര്‍ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമംയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില്‍ പുറത്ത് വരുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന് കിട്ടിയതായി വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. പരീക്ഷയ്ക്ക് തലേദിവസം ചോദ്യ പേപ്പറുകളും ഉത്തരങ്ങളും ലഭിച്ചു എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വഴിയാണ് ചോദ്യ പേപ്പറുകള്‍ ലഭിച്ചത്. മൊത്തം 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തു.

More Stories from this section

family-dental
witywide