ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പഠനത്തിന് വേണ്ടി 100 മില്യൻ പൗണ്ട്‌സ് ചെലവിട്ട് യുകെയില്‍ ഉടനീളം ഒന്‍പത് എ ഐ റിസര്‍ച്ച് ഹബ്ബുകള്‍ സ്ഥാപിക്കാൻ പദ്ധതി. വിദ്യാഭ്യാസം, നിയമപരിപാലനം, വ്യവസായം എന്നിവയില്‍ എ ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പരിശോധിക്കുന്ന ഗവേഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളും നേട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് റെഗുലേറ്റര്‍മാരെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം.
എഐ റെഗുലേഷനില്‍ ലോക നേതാവായി യുകെ മാറണം എന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്. സര്‍ക്കാരുകള്‍ക്ക് മാത്രമേ സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ ശരിയായി വിലയിരുത്താനും ജനങ്ങള സുരക്ഷിതമായി നിലനിര്‍ത്താനുള്ള അധികാരവും നിയമസാധുതയും കൈവശം വയ്ക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ എന്നിവയുള്‍പ്പെടെ യുകെ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
എ ഐ സുരക്ഷയ്ക്കായി നവംബറില്‍ ലോകത്തിലെ ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് യുകെ ആരംഭിക്കുകയും ഈ വിഷയത്തില്‍ ഒരു ആഗോള ഉച്ചകോടി നടത്തുകയും ചെയ്തിരുന്നു. ഈ ഉച്ചകോടിയില്‍ 25-ല്‍ അധികം രാജ്യങ്ങള്‍ സാങ്കേതിക വിദ്യയുടെ അപകടസാധ്യതകള്‍ സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചില ധാരണകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് ലോകത്തെ എഐ ഹബ്ബായി യുകെയെ മാറ്റുക എന്ന ലക്ഷ്യവുമായി യുകെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
പൊതു സേവനങ്ങളെയും സമ്പദ് വ്യവസ്ഥയെയും മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാനും ക്യാന്‍സര്‍, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സകളില്‍ സഹായിക്കാനും എ ഐയ്ക്ക് കഴിയുമെന്ന് യുകെ സയന്‍സ്, ഇന്നൊവേഷന്‍സ് ആന്റ് ടെക്‌നോളജി വകുപ്പ് മന്ത്രി മിഷേല്‍ ഡൊണെളന്‍ വ്യക്തമാക്കി.
UK to spend $125m on AI hubs, regulation