ജയിൽ ഉദ്യോ​ഗസ്ഥയും തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ഓൺലൈനിൽ, കേസെടുത്ത് പൊലീസ്

ലണ്ടൻ: തടവുകാരനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവമുണ്ടായത്. വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഫുൾഹാമിൽ നിന്നുള്ള 30 കാരിയായ ലിൻഡ ഡി സൗസ അബ്രുവിനെതിരെയാണ് കേസെടുത്തത്.

പൊതു ഓഫീസിൽ മോശമായി പെരുമാറിയെന്നാണ് കുറ്റം. ഇവരെ തിങ്കളാഴ്ച ഓക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജയിലിനുള്ളിൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥ യൂണിഫോമിലാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്നും ഉദ്യോ​​ഗസ്ഥർ പറ‍ഞ്ഞു.