
ന്യൂഡല്‍ഹി: മോദിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി. മോദി റഷ്യയില്‍ എത്തിയപ്പോള്‍ യുക്രെയ്ന്‍ മാരകമായി ആക്രമിക്കപ്പെട്ടതും 37 പേരുടെ മരണത്തിനിടയാക്കിയ സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു സെലെന്‍സ്‌കി നിരാശ പങ്കുവെച്ചത്.
”ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്‌കോയില്‍ വെച്ച് ആലിംഗനം ചെയ്യുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് ഏറ്റ പ്രഹരവുമാണ്,”എന്നാണ് എക്സിലെ ഒരു പോസ്റ്റില്‍ സെലെന്‍സ്‌കി പറഞ്ഞത്.
യുക്രെയ്ന്‍ തലസ്ഥാനമായ കൈവിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉള്‍പ്പെടെ റഷ്യ ആക്രമണം നടത്തിയിരുന്നു. റഷ്യ അഞ്ചുനഗരങ്ങളെ ലക്ഷ്യമിട്ട് അയച്ച നാല്‍പ്പതിലധികം മിസൈലുകള്‍ തിങ്കളാഴ്ച യുക്രെയ്‌നില്‍ പതിച്ചതായി സെലെന്‍സ്‌കി പറഞ്ഞു. ഫ്ളാറ്റ് സമുച്ചയങ്ങളെയും പൊതുസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹൈപ്പര്‍സോണിക് മിസൈലുകളുപയോഗിച്ചായിരുന്നു സമീപ കാലത്തെ ഏറ്റവും വലിയ ആക്രമണം റഷ്യ നടത്തിയതെന്ന് യുക്രെയ്ന്‍ ആരോപിച്ചിരുന്നു.
മോദിയുടെ രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയ മോദി അത്താഴ വിരുന്നിടലക്കം പങ്കെടുത്തിരുന്നു.