ഒറ്റരാത്രികൊണ്ട് 29 ക്രൂയിസ് മിസൈലുകളും 28 ഡ്രോണുകളും ഉപയോഗിച്ച് റഷ്യ വ്യോമാക്രമണം നടത്തിയതായി ഉക്രൈന്‍

ന്യൂഡല്‍ഹി: ഉക്രെയ്നിന്റെ തലസ്ഥാനമായ കൈവിലും പടിഞ്ഞാറന്‍ പ്രദേശമായ ലിവിവിലും ഞായറാഴ്ച പുലര്‍ച്ചെ റഷ്യ വ്യോമാക്രമണം നടത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം റഷ്യന്‍ മിസൈലുകളിലൊന്ന് തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി വെളിപ്പെടുത്തിക്കൊണ്ട് പോളണ്ടും രംഗത്തുവന്നു.

റഷ്യ ഒറ്റരാത്രികൊണ്ട് 29 ക്രൂയിസ് മിസൈലുകളും 28 ഡ്രോണുകളും തങ്ങളുടെ പ്രദേശത്തേക്ക് തൊടുത്തുവിട്ടതായി ഉക്രൈന്‍ വ്യോമസേന അറിയിച്ചു. അതേസമയം, 18 മിസൈലുകളും 25 ഡ്രോണുകളും തകര്‍ത്തതായി അവര്‍ പറഞ്ഞു.

133 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ സംഗീത പരിപാടിക്കിടെ വെള്ളിയാഴ്ച നടന്ന തീവ്രവാദി ആക്രമണവും ഇരു കൂട്ടര്‍ക്കുമിടയില്‍ പുതിയ സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. ഉക്രേനിയന്‍ ഗ്രാമമായ ഇവാനിവ്സ്‌കെ പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ചത്തെ ആക്രമണങ്ങളും എത്തിയിരിക്കുന്നത്. തലസ്ഥാനത്ത് സ്‌ഫോടനങ്ങളും വ്യോമാക്രമണവും നടക്കുന്നുവെന്നും താമസസ്ഥലംവിട്ട് പുറത്തുപോകരുതെന്നും കൈവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ ഞായറാഴ്ച രാവിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പോളിഷ് അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ (50 മൈല്‍) അകലെയുള്ള ലിവിവ് നഗരത്തിന് തെക്ക് ഭാഗത്തുള്ള പ്രദേശവും ആക്രമിക്കപ്പെട്ടതായി വിവരമുണ്ട്. വെള്ളിയാഴ്ച റഷ്യ ആക്രമിക്കപ്പെട്ടതിനു ശേഷം ഉക്രൈനെതിരായ വ്യോമാക്രമണം റഷ്യ ഗണ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച നടന്ന സംഗീതപരിപാടിയിലാണ് തോക്കുമായി അക്രമികള്‍ ഇരച്ചുകയറി വെടിവെപ്പു നടത്തിയത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ സ്‌ഫോടനമുണ്ടായി. പ്രശസ്ത റോക്ക് ബാന്‍ഡായ പിക്‌നിക്കിന്റെ സംഗീത പരിപാടിക്കായി 6500 പേരാണ് ടിക്കറ്റെടുത്തിരുന്നത്. സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പുണ്ടായത്.

More Stories from this section

family-dental
witywide