ട്രംപ് അധികാരത്തിലെത്തും മുമ്പ് കയറിക്കൂടണം നാറ്റോയിൽ അം​ഗത്വം നേടാൻ അവസാന കൈനോക്കി യുക്രെയ്ന്‍

കീവ്: നാറ്റോയിൽ അം​ഗത്വം നേടാനുള്ള ശ്രമം ഊർജിതമാക്കി യുക്രൈൻ. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരത്തിലേറുന്നതിന് മുന്‍പ് നാറ്റോ അംഗത്വമുറപ്പിക്കാനാണ് യുക്രൈൻ ശ്രമിക്കുന്നത്.

നാറ്റോയിൽ ട്രംപിന് വലിയ താൽപര്യമില്ലാത്ത പശ്ചാത്തലത്തിലാണ് നീക്കം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ആയുധ ശേഖരം ഉപേക്ഷിച്ച് ബുഡാപ്പെസ്റ്റ് മെമ്മോറാണ്ടത്തിൽ ഒപ്പു വെച്ച കാര്യം യുക്രെയ്ൻ ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്ന് അടക്കം ഉണ്ടാകുന്ന ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടെന്നും യുക്രെയ്ൻ വിമർശനമുയർത്തി.

സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം, 1994 ലാണ് ബുഡാപ്പെസ്റ്റ് മെമ്മോറാണ്ടം ഒപ്പുവയ്ക്കുന്നത്. കരാർ പ്രകാരം, ലോകത്തിലെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം യുക്രെയ്ന്‍ ഉപേക്ഷിച്ചു. പകരം, റഷ്യയില്‍ നിന്ന് അടക്കമുണ്ടാകാവുന്ന ആക്രമണങ്ങളില്‍ സുരക്ഷ ലഭിക്കുമെന്നായിരുന്നു ഉറപ്പ്. കരാർ പ്രകാരമുള്ള ഈ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നാണ് യുക്രയ്ന്‍റെ ആരോപണം.

കരാറില്‍ ഒപ്പുവെച്ച അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചെെന കക്ഷികള്‍ വാക്കുപാലിക്കണമെന്നും തെറ്റുതിരുത്തണമെന്നും യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 1994 ഡിസംബർ 5ന് ഒപ്പുവെച്ച കരാർ 30ാം വാർഷികത്തിലേക്ക് എത്തുമ്പോഴാണ് നീക്കം.
സമവായ ചർച്ചകളോ മറ്റൊരു കരാറോ യുക്രെയ്നെ സംരക്ഷിക്കില്ല എന്നതിന്‍റെ സാക്ഷ്യമാണ് പരാജയപ്പെട്ട ബുഡാപെസ്റ്റ് കരാറെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലന്‍സ്കി പറഞ്ഞു. 2014 ല്‍ യുക്രെയ്നില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്ത റഷ്യയുടെ അധിനിവേശം മിന്‍സ്ക് കരാറിലാണ് അവസാനിച്ചത്. എന്നാല്‍ 2022 ല്‍ വീണ്ടും റഷ്യ വെല്ലുവിളി ആവർത്തിച്ചു. മൂന്നാമതും ഒരേ തെറ്റ് ആവർത്തിക്കാന്‍ യുക്രെയ്ന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സെലന്‍സ്കി പറഞ്ഞു. നേറ്റോയില്‍ പൂർണ അംഗത്വമല്ലാതെ മറ്റൊന്നിനും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നാണ് യുക്രെയ്ന്‍റെ വാദം.

ukraine trying to enter nato before Trump oath

More Stories from this section

family-dental
witywide