
വാഷിംഗ്ടണ്‍: 2030ഓടെ ലോകമെമ്പാടുമുള്ള റോഡപകടങ്ങളുടെ ഇരകളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ആഗോള റോഡ് സുരക്ഷാ കാമ്പെയിന് യു.എന്‍ തിങ്കളാഴ്ച അമേരിക്കയില്‍ തുടക്കമിട്ടു.
സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുക, ഡ്രൈവിംഗിനിടെ ഫോണുപയോഗം തടയുക തുടങ്ങിയ അടിസ്ഥാന ജീവന്‍ രക്ഷാ സുരക്ഷാ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് രണ്ട് വര്‍ഷത്തെ പരസ്യ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നതെന്ന് റോഡ് സുരക്ഷയുടെ യുഎന്‍ പ്രത്യേക പ്രതിനിധി ജീന്‍ ടോഡ് പറഞ്ഞു
തിങ്കളാഴ്ച മുതല്‍ ന്യൂയോര്‍ക്ക് സിറ്റി, ചിക്കാഗോ, ബോസ്റ്റണ്‍ എന്നിവയുള്‍പ്പെടെ 1,000 നഗരങ്ങളിലും 80ലധികം രാജ്യങ്ങളിലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കാണാനാകും. 2021-ല്‍ ആരംഭിച്ച റോഡ് സുരക്ഷയ്ക്കായുള്ള #MakeASafteyStatement കാമ്പെയ്‌ന്റെ ഭാഗമാണ് പുതിയ നീക്കം.
അതേസമയം, പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ആളുകള്‍ റോഡുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിക്കുന്നുവെന്നും ഇതില്‍ 90 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.