‘പൗരന്മാരുടെ കശാപ്പായിരിക്കും’ ഇസ്രായേലിന്റെ റഫ അധിനിവേശത്തില്‍ യു.എന്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ഗാസയിലെ തെക്കന്‍ നഗരമായ റഫയിലേക്കുള്ള ഇസ്രായേല്‍ അധിനിവേശത്തില്‍ മുന്നറിയിപ്പുമായി യു.എന്‍.

ഇസ്രായേല്‍ അധിനിവേശം മനുഷ്യര്‍ ‘കശാപ്പുചെയ്യപ്പെടുന്നതിന്’ കാരണമാവുകയും മേഖലയിലെ മാനുഷിക ദുരന്തം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഓഫീസും ആരോഗ്യ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കി.

നിലവില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ റഫയില്‍ അഭയം പ്രാപിച്ചതിനാല്‍, ഈ പ്രദേശത്തേക്ക് ഇസ്രായേല്‍ ഒരു കടന്നുകയറ്റം ആരംഭിച്ചാല്‍, ഇപ്പോഴേ ദുര്‍ബലമായ നഗരത്തിന് ആ നാശത്തെ നേരിടാന്‍ കഴിയില്ല. ആക്രമണമുണ്ടായാല്‍ ഗാസയിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് മരണസാധ്യതയുണ്ടാകുമെന്ന് ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ വക്താവ് ജെന്‍സ് ലെയര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഇത് സാധാരണക്കാരുടെ കശാപ്പും മുഴുവന്‍ സ്ട്രിപ്പിലെയും മാനുഷിക പ്രവര്‍ത്തനത്തിന് അവിശ്വസനീയമായ പ്രഹരമാകാം,” അദ്ദേഹം പറഞ്ഞു.

2023 ഒക്ടോബര്‍ മുതല്‍ മാസങ്ങള്‍ നീണ്ട ഇസ്രായേല്‍ ബോംബാക്രമണത്തിനും സാധാരണക്കാരുടെ മരണത്തിനും ശേഷം ഗാസയ്ക്കുള്ളിലെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ താവളമായി റഫ നഗരം നിലവില്‍ പ്രവര്‍ത്തിക്കുകയാണ്. ഹമാസുമായുള്ള സന്ധി ഉടമ്പടി പരിഗണിക്കാതെ തന്നെ റഫയില്‍ കര ആക്രമണം തുടരുമെന്നാണ് ഈ ആഴ്ച ആദ്യം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

അതിര്‍ത്തി നഗരമായ റഫ മാനുഷിക സഹായത്തിനുള്ള ഒരു പ്രധാന പ്രവേശന പോയിന്റാണ്. ആക്രമണത്തെമുന്നില്‍ക്കണ്ട് ആരോഗ്യ സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും പരിചരണം നല്‍കുന്നത് തുടരാമെന്നും ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്, എന്നാല്‍ ഈ പദ്ധതികള്‍ ഒരു ‘ബാന്‍ഡ്-എയ്ഡ്’ മാത്രമായിരിക്കുമെന്ന് വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ലോകാരോഗ്യ സംഘടനയുടെ ഓഫീസിലെ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോര്‍ണ്‍ ബ്രീഫിംഗില്‍ പറഞ്ഞു.