
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന എംപോക്‌സ് അഥവാ മങ്കിപോക്‌സ് ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടെ എംപോക്‌സ് വാക്‌സിനുകള്‍ക്കായി അടിയന്തര ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി യുനിസെഫ്. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളെ സഹായിക്കുന്നതിനും വാക്സിനുകള്‍ ലഭ്യമാക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് അടിയന്തര ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്.
ആവശ്യകത, നിര്‍മ്മാതാക്കളുടെ ഉല്‍പ്പാദന ശേഷി, ഫണ്ടിംഗ് എന്നിവയെ ആശ്രയിച്ച്, 2025 വരെ 12 ദശലക്ഷം ഡോസുകള്‍ക്കുള്ള കരാറുകളില്‍ ഏര്‍പ്പെടാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ പുതിയ ക്ലേഡ് 1 ബി വേരിയന്റ് സമീപ രാജ്യങ്ങളിലേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 14-ന് ലോകാരോഗ്യ സംഘടന എംപോക്‌സിന്റെ പേരില്‍ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോംഗോയില്‍ ഈ വര്‍ഷം ഇതുവരെ 18,000-ല്‍ അധികം എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 629 പേര്‍ ജീവനെടുത്തിട്ടുമുണ്ട് എംപോക്‌സ്.