
ന്യൂഡൽഹി: രാജ്യത്തെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിര്‍ദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും.
ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഡൽഹിയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികൾ ന്യൂഡൽഹിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്.
ജോലിസ്ഥലത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് അസോസിയേഷനുകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രതിനിധികളുടെ ആവശ്യങ്ങൾ കേൾക്കുകയും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
രാജ്യത്ത് ഡെങ്കിപ്പനി, മലേറിയ കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, പൊതുതാൽപ്പര്യം കണക്കിലെടുത്ത് സമരം ചെയ്യുന്ന ഡോക്ടർമാരോട് അവരുടെ ജോലി പുനരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ വനിതാ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.











