
ക്വിറ്റോ: സര്‍ക്കാരും മയക്കുമരുന്ന് മാഫിയകളും പരസ്പരം യുദ്ധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇക്വഡോറിന്റെ തലസ്ഥാനത്തെ തെരുവുകളില്‍ നൂറുകണക്കിന് സൈനികര്‍ പട്രോളിംഗ് തുടരുകയാണ്. തെരിവുകള്‍ വിജനമാണ്. എപ്പോള്‍ വേണമെങ്കിലും വെടിവയ്പ്പ് ഉണ്ടാകാനുള്ള സാഹചര്യത്തില്‍ ആളുകള്‍ ഭയത്തിന്റെ പിടിയിലാണ്. മാത്രമല്ല അവശ്യകാര്യങ്ങള്‍ക്കുപോലും ആളുകള്‍ വീടനു പുറത്തേക്കിറങ്ങാന്‍ മടിക്കുകയാണ്.
യുഎസിലേക്കും യൂറോപ്പിലേക്കും കൊക്കെയ്ന്‍ കയറ്റി അയയ്ക്കാന്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്ന അന്തര്‍ദേശീയ കാര്‍ട്ടലുകളുടെ വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണത്തിലാണ് ചെറിയ തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍.
ഇക്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ടിവി സ്റ്റുഡിയോയില്‍ തോക്കുധാരികള്‍ ഇരച്ചുകയറി വെടിയുതിര്‍ക്കുകയും സാധാരണക്കാരെയും സുരക്ഷാ സേനയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ക്രിമിനല്‍ സംഘങ്ങളെ തുടച്ചുനീക്കാന്‍ പ്രസിഡന്റ് ഡാനിയല്‍ നോബോവ ഉറച്ച തീരുമാനത്തിലെത്തി. ഇതേത്തുടര്‍ന്ന് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പിന്നാലെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ലഹരി സംഘങ്ങള്‍.
അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍, രാജ്യം ‘ആഭ്യന്തര സായുധ സംഘട്ടനത്തിന്റെ’ അവസ്ഥയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇക്വഡോറിലെ ഏറ്റവും ശക്തനായ ലഹരിമാഫിയ തലവന്മാരില്‍ ഒരാള്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് നോബോവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ലഹരി സംഘങ്ങളും സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
ഗുവാക്വിലില്‍ എട്ടുപേരെയും സമീപ പട്ടണമായ നോബോളില്‍ രണ്ടുപേരെയും ഈ സംഘങ്ങള്‍ ക്രൂരമായി കൊലപ്പെടുത്തി. നിരവധി ജയിലുകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു, അവിടെ നൂറിലധികം ഗാര്‍ഡുകളെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനെയും ബന്ദികളാക്കിയതായി എസ്എന്‍എഐ ജയില്‍ അതോറിറ്റി അറിയിച്ചു.
ഗുണ്ടാസംഘം നിരവധി പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി, അവരില്‍ ഒരാളെ തോക്കിന് മുനയില്‍ നിര്‍ത്തി നോബോവയെ അഭിസംബോധന ചെയ്ത ഒരു പ്രസ്താവന വായിക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു. രാത്രി 11:00 ന് ശേഷം തെരുവില്‍ കണ്ടെത്തുന്നവരെ വധിക്കുമെന്ന് ആ പ്രസ്താവനയില്‍ പറയുന്നു.
‘ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണം’ എന്നാണ് സംഘത്തിന്റെ പ്രവര്‍ത്തനത്തെ യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ വിശേഷിപ്പിച്ചത്.
ലാറ്റിനമേരിക്കയിലെ ഉന്നത യുഎസ് നയതന്ത്രജ്ഞനായ ബ്രയാന്‍ നിക്കോള്‍സ്, അക്രമത്തിലും തട്ടിക്കൊണ്ടുപോകലിലും വാഷിംഗ്ടണ്‍ ‘അങ്ങേയറ്റം ആശങ്കാകുലരാണെന്ന്’ പറഞ്ഞു, സഹായം നല്‍കാനും നോബോവയുടെ ടീമുമായി ‘അടുത്ത ബന്ധം നിലനിര്‍ത്താനും’ തങ്ങള്‍ പ്രതിജ്ഞയെടുത്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പെറു ഇക്വഡോറുമായുള്ള അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇക്വഡോറിലെ ചൈനയുടെ എംബസിയും കോണ്‍സുലേറ്റുകളും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ബുധനാഴ്ച അറിയിച്ചു.
ഫ്രാന്‍സും റഷ്യയും ഇക്വഡോറിലേക്കുള്ള യാത്രയ്ക്കെതിരെ തങ്ങളുടെ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് കൊക്കെയ്ന്‍ നിര്‍മ്മാതാക്കളായ കൊളംബിയയുടെയും പെറുവിന്റെയും അതിര്‍ത്തിയാണ് ഇക്വഡോര്‍.
2021 ഫെബ്രുവരി മുതല്‍ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 460-ലധികം പേര്‍ കൊല്ലപ്പെടുകയും പലരെയും ശിരഛേദം ചെയ്യുകയോ ജീവനോടെ കത്തിക്കുകയോ ചെയ്ത ജയിലുകളിലാണ് ഇപ്പോള്‍ അക്രമങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്.
2018 മുതല്‍ 2022 വരെ രാജ്യത്തെ കൊലപാതക നിരക്ക് നാലിരട്ടിയായി വര്‍ധിക്കുകയും കഴിഞ്ഞ വര്‍ഷം 220 ടണ്‍ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.
22 ക്രിമിനല്‍ ഗ്രൂപ്പുകളെയാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് നോബോവ പറഞ്ഞു, അതില്‍ ഏറ്റവും ശക്തമായത് ലോസ് ചോനെറോസ്, ലോസ് ലോബോസ്, ടിഗ്യുറോണ്‍സ് എന്നിവയാണ്.