സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ലോക്സഭയില്‍ അസാധാരണ നീക്കവമായി ഓംബിര്‍ള, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി അടിയന്തിരാവസ്ഥക്കെതിരെ സ്പീക്കറുടെ പ്രമേയം

സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഓംബിര്‍ളയെ അഭിനന്ദിച്ചുകൊണ്ട് ലോക്സഭയില്‍ എല്ലാ കക്ഷികളുടെയും നേതാക്കള്‍ സംസാരിച്ചു. എല്ലാ നേതാക്കള്‍ക്കും നന്ദി അറിയിച്ച ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു സ്പീക്കര്‍ അടിയന്തിരാവസ്ഥക്കെതിരെയുള്ള പ്രമേയം വായിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ അടിയന്തിരാവസ്ഥയെ ഈ സഭ അപലപിക്കുന്നു എന്നായിരുന്നു പ്രമേയം. ഭരണഘടനയെ ചവിട്ടി മെതിച്ച നടപടിയായിരുന്നു അടിയാന്തിരാവസ്ഥയെന്നും ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായാണ് അടിയന്തിരാവസ്ഥയെ കാണുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടവരെയും മരണമടഞ്ഞവരെയും സ്മരിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഭരണകക്ഷി അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു.

അതേസമയം അജണ്ടയില്‍ ഇല്ലാത്ത വിഷയം സ്പീക്കര്‍ ഉന്നയിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി അടിയന്തിരാവസ്ഥ പ്രധാന വിഷയമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രീയമായി കോണ്‍ഗ്രസിനെ ആക്രമിക്കുക എന്നത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം എന്നതില്‍ സംശയമില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാര്‍ടികളുടെ നേതാക്കളില്‍ പലരും  അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ പ്രതിഷേധ രംഗത്തുണ്ടായിരുന്നവരുടെ പിന്‍മുറക്കാരാണ്. പ്രത്യേകിച്ച് ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ സമാജ് വാദി പാര്‍ടി ഉള്‍പ്പടെ. സമാജ് വാദി പാര്‍ടിയായാലും ആര്‍.ജെ.ഡിയായാലും ഒക്കെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിലൂടെ ഉയര്‍ന്നു ജനതാപരിവാറിന്റെ തുടര്‍ച്ചയാണ്. അതിനാല്‍ അടിയന്തിരാവസ്ഥ എന്ന രാഷ്ട്രീയ ബോംബ് ഇന്ത്യ സഖ്യത്തിനുള്ളിലിട്ട് പൊട്ടിക്കാന്‍ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഇന്ന് അപ്രതീക്ഷിതമായി സ്പീക്കര്‍ ഓംബിര്‍ള അടിയന്തിരാവസ്ഥക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.

സഭക്കുള്ളില്‍ സാധാരണ പ്രമേയം അവതരിപ്പിച്ച് അത് സഭയുടെ അഭിപ്രായമായി അംഗീകരിക്കണമെങ്കില്‍ എല്ലാ കക്ഷികളുടെയും സമ്മതം സ്പീക്കര്‍ തേടണം. അതല്ലാതെ സ്പീക്കര്‍ക്ക് ഏകപക്ഷീയമായി പ്രമേയം അവതരിപ്പിക്കാന്‍ അവകാശമില്ല. ആ സഭാ മര്യാദ ലംഘിച്ചുകൊണ്ടാണ് സ്പീക്കറുടെ നീക്കം ഉണ്ടായത് എന്ന വിമര്‍ശനം ശക്തമാവുകയാണ്. അടിയന്തിരാവസ്ഥ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായിരുന്നു എന്ന് വിലയിരുത്തുമ്പോഴും അതൊരു സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നു. അതിനെ വിമര്‍ശച്ച് പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർക്ക് ഭരണകക്ഷിയുടെ മാത്രം പിന്തുണ പോര. അതിനുള്ള അവകാശം ഭരണഘടന സ്പീക്കര്‍ക്ക് നല്‍കുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി പ്രമേയം അവതരിപ്പിച്ച് സ്പീക്കര്‍ രാഷ്ട്രീയ വിവേചനം കാട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ പേര് രണ്ട് തവണ സ്പീക്കര്‍ തന്റെ പ്രസംഗത്തില്‍ പരാര്‍ശിക്കുകയും ചെയ്തു. ഒരു മുന്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ഒരു പ്രമേയം സ്പീക്കര്‍ കൊണ്ടുവന്ന് അതിനെ സഭയുടെ അഭിപ്രായമാക്കി മാറ്റാന്‍ നടത്തിയ നീക്കം ചരിത്രത്തില്‍ ആദ്യമാണെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.

Also Read

More Stories from this section

family-dental
witywide