
മുസാഫർനഗർ:ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ മുജാഹിദ് എന്ന 20കാരൻ ഉറങ്ങാൻ കിടന്നത് പുരുഷനായിട്ടാണെങ്കിലും ഉണർന്നത് സ്ത്രീയായിട്ടായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി കബളിപ്പിക്കപ്പെട്ടതോടെ മുജാഹിദിന്റെ ജീവിതം വലിയ വഴിത്തിരിവിൽ നിൽക്കുകയാണ്. മുസാഫർനഗറിലെ ഒരു പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് മറ്റൊരാളാണ് ശസ്ത്രക്രിയ ആസൂത്രണം ചെയ്തു.
സംഭവത്തിൽ പ്രതിഷേധവുമായി ഭാരതീയ കിസാൻ യൂണിയൻ (ബികെയു) രംഗത്തെത്തി.
മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ജൂൺ 3 ന് ഓംപ്രകാശ് തന്നെ കബളിപ്പിച്ചതായി സഞ്ജക് ഗ്രാമത്തിൽ താമസിക്കുന്ന മുജാഹിദ് (20) ആരോപിച്ചു. മുജാഹിദിന് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ഓംപ്രകാശ് പ്രേരിപ്പിച്ചു. ജനനേന്ദ്രിയം നീക്കം ചെയ്യുകയും നിർബന്ധിത ലിംഗമാറ്റം നടത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷമായി ഓംപ്രകാശ് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മുജാഹിദ് പറയുന്നു. മുജാഹിദിന് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ആശുപത്രിയിൽ പരിശോധനക്കെത്തിച്ചത്. ഓംപ്രകാശിനൊപ്പം മുജാഹിദ് ശസ്ത്രക്രിയ നടത്തിയ സ്ഥാപനം സന്ദർശിക്കുകയും അവിടെവച്ച് ആശുപത്രി ജീവനക്കാർ അനസ്തേഷ്യ നൽകുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
“അവൻ എന്നെ ഇവിടെ കൊണ്ടുവന്നു, പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷൻ നടത്തി. എനിക്ക് ബോധം വന്നപ്പോൾ, എന്നെ ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയാക്കി എന്ന് എന്നോട് പറഞ്ഞു,” മുജാഹിദ് പറഞ്ഞു.
ഇനി തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ആരും അംഗീകരിക്കില്ലെന്നും ഓംപ്രകാശ് പറഞ്ഞു. മുജാഹിദിൻ്റെ പിതാവിനെ വെടിവച്ചുകൊല്ലുമെന്നും കുടുംബത്തിൻ്റെ വിഹിതം പിടിച്ചെടുക്കുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി.