‘യുപിഎ സർക്കാർ 10 വർഷംകൊണ്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിഷ്ക്രിയമാക്കി’; കേന്ദ്ര സർക്കാരിന്റെ ധവളപത്രം

ന്യൂഡൽഹി: യുപിഎ സർക്കാർ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയെ പാരമ്പര്യമായി സ്വീകരിച്ചുവെന്നും, എന്നാൽ 10 വർഷത്തിനുള്ളിൽ അത് നിഷ്ക്രിയമാക്കിയെന്നും യുപിഎയുടെ 10 വർഷത്തെയും മോദിയുടെ കീഴിലുള്ള പത്ത് വർഷത്തെയും താരതമ്യം ചെയ്‌ത ധവളപത്രത്തിൽ കേന്ദ്ര സർക്കാർ. 2014ൽ അധികാരത്തിൽ നിന്ന് പുറത്തുപോയ യുപിഎ സർക്കാർ, “ഘടനാപരമായി ദുർബലമായ സമ്പദ്‌വ്യവസ്ഥയും നിരാശയുടെ അന്തരീക്ഷവും” അവശേഷിപ്പിച്ചുവെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെതിരെ നടത്തിയ കടന്നാക്രമണത്തിൽ കേന്ദ്രം ആരോപിച്ചത്. നേരത്തെ ഇരു കാലഘട്ടത്തിലെയും വളർച്ച താരതമ്യം ചെയ്‌തുകൊണ്ട്‌ ധവളപത്രം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

യുപിഎ സർക്കാരിന്റെ ഭരണകാലത്തെ “നഷ്‌ടപ്പെട്ട ദശകം” എന്ന് വിശേഷിപ്പിച്ച കേന്ദ്രം, സാമ്പത്തിക കെടുകാര്യസ്ഥതയുടെയും പൊതു ധനകാര്യങ്ങൾ ദീർഘദൃഷ്‌ടി ഇല്ലാതെ കൈകാര്യം ചെയ്‌തതിന്റെയും പേരിൽ യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്‌തു.

“2004ൽ, യുപിഎ സർക്കാരിന്റെ കാലാവധി ആരംഭിക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥ 8 ശതമാനത്തിൽ വളരുകയായിരുന്നു (വ്യവസായ, സേവന മേഖലകളിലെ വളർച്ച 7 ശതമാനത്തിന് മുകളിലും 2004 സാമ്പത്തിക വർഷത്തിൽ 9 ശതമാനത്തിന് മുകളിൽ കാർഷിക മേഖലയുടെ വളർച്ചയും) ഉണ്ടായിരുന്നു”, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് വൈകുന്നേരം പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു.