‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് യുആര്‍ പ്രദീപ്, ‘ദൈവനാമത്തിൽ’ രാഹുൽ മാങ്കൂട്ടത്തിൽ; ഇരുവരും എംഎൽഎമാരായി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയിൽ വിജയിച്ച യു ആര്‍ പ്രദീപും പാലക്കാട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ സ്പീക്കര്‍ എ എന്‍ ഷംസീറാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സന്നിഹിതരായ വേദിയിൽ ഇരുവരും നേതാക്കളുടെ ആശീർവാദം വാങ്ങിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം പ്രദീപും പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി.

യുആര്‍ പ്രദീപ് സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രദീപ് എംഎല്‍എയാകുന്നത്. കന്നി വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ രാജന്‍, സജി ചെറിയാന്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി രാഹുല്‍ നിയമസഭയിലെത്തിയത്. എകെജി സെന്ററിലെത്തിയ ശേഷമാണ് യുആര്‍ പ്രദീപ് സഭയിലെത്തിയത്.

പാലക്കാട് നിന്നും ചരിത്ര വിജയം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തുന്നത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

ചേലക്കരയില്‍ 12, 201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ യുആര്‍ പ്രദീപ് വിജയിച്ചത്. കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെയാണ് പ്രദീപ് തോല്‍പ്പിച്ചത്. അതേസമയം 2021 ല്‍ കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചിരുന്നത്. രാധാകൃഷ്ണന് പോള്‍ ചെയ്തതിന്റെ 54.41 ശതമാനം വോട്ടും ലഭിച്ചപ്പോള്‍, പ്രദീപിന് 41.44 ശതമാനം വോട്ടാണ് ലഭിച്ചത്.

Also Read

More Stories from this section

family-dental
witywide