വയനാട് ഇങ്ങെടുത്ത് പ്രിയങ്ക, ചെങ്കോട്ടയായി ചേലക്കര, യു.ആര്‍ പ്രദീപ് വിജയിച്ചു ; പാലക്കാടന്‍ കോട്ട രാഹുല്‍ കാക്കും

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം എത്തി. വയനാടിന് ‘പ്രിയങ്ക’രിയായ പ്രിയങ്ക തന്നെ വിജയിച്ചു.പാലക്കാടന്‍ കോട്ട ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ കാക്കും. 18724 വോട്ടിനാണ് രാഹുല്‍ ജയിച്ചത്.ചേലക്കരയെ ചെങ്കോട്ടയാക്കി യുആര്‍ പ്രദീപ് മിന്നും വിജയം കാഴ്ചവെച്ചു. പാലക്കാടും, ചേലക്കരയിലും മുന്നണികള്‍ സീറ്റ് നിലനിര്‍ത്തുകയായിരുന്നു.

വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചിത്രം തുടക്കംമുതലേ വ്യക്തമായിരുന്നു. മൂന്നരലക്ഷത്തിലധികം ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. പ്രിയങ്കയുടെ കന്നി അങ്കം കൊണ്ട്, ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു വയനാട്ടിലേത്.

പാലക്കാട് ത്രില്ലടിപ്പിച്ച് ലീഡ് നില മാറിമറിഞ്ഞെങ്കിലും ഒടുവില്‍ ഷാഫി പറമ്പിലിനെ കടത്തിവെട്ടുന്ന ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയത്.

കോണ്‍ഗ്രസ് വിട്ട് പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന എല്‍ഡിഎഫ് മോഹം വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ അണഞ്ഞുപോയിരുന്നു. സരിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്കും പാലക്കാട് തക്ക മറുപടി നല്‍കി പരാജയത്തിലേക്ക് തള്ളിവിട്ടു.

Also Read

More Stories from this section

family-dental
witywide