
പലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി അമേരിക്കന്‍ വ്യോമസേന ഉദ്യോഗസ്ഥനായ ആരോണ്‍ ബുഷ്നെല്‍. പ്രദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
”ഞാന്‍ ഈ വംശഹത്യയില്‍ ഇനി പങ്കാളിയാകില്ല, പലസ്തീനെ സ്വതന്ത്രമാക്കുക,” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു തീ കൊളുത്തിയത്.
സംഭവത്തിന് പിന്നാലെ പൊലീസെത്തി അണയ്ക്കുകയും ഗുരുതര പരുക്കുകളോടെ ബുഷ്നെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എംബസ്സി ഉദ്യോഗസ്ഥർക്കാർക്കും പരുക്കേറ്റിട്ടില്ലെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബുഷ്നെല്‍ പ്രതിഷേധം സ്വയം ചിത്രീകരിക്കുകയും സമൂഹ മാധ്യമമായ ട്വിച്ചില്‍ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് ട്വിച്ച് തന്നെ പ്ലാറ്റ്ഫോമില്‍ നിന്ന് വിഡിയോ നീക്കി. ട്വിച്ചിന്റെ മാർഗനിർദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സമാന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ജോർജിയയിലെ ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ ഒരാൾ സ്വയം തീകൊളുത്തിയിരുന്നു.
US Airforce man sets himself on fire near Israeli embassy in Washington













