
വാഷിംഗ്ടണ്‍: ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ യുഎസില്‍ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇന്ത്യ നടത്തുന്ന അന്വേഷണത്തിന്റെ ഫലങ്ങള്‍ക്കായി അമേരിക്ക കാത്തിരിക്കുകയാണെന്ന് അമേരിക്കയുടെ പ്രതികരണം.
ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയം പരിശോധിക്കാന്‍ ഒരു അന്വേഷണ സമിതി ഏര്‍പ്പെടുത്തിയെന്നും അന്വേഷണം തുടരുകയാണെന്നും അതിന്റെ ഫലങ്ങള്‍ കാണാന്‍ തങ്ങള്‍ കാത്തിരിക്കുന്നുവെന്നുമാണ് അമേരിക്ക വ്യക്തമാക്കിയത്. മാത്രമല്ല, ഇത് അമേരിക്ക വളരെ ഗൗരവമായി എടുക്കുന്ന കാര്യമാണെന്നും ഇന്ത്യും ഗൗരവമായി എടുക്കുന്നുവെന്ന് വിലയിരുത്തുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ തന്റെ ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. യുഎസ് പൗരനും വിഘടനവാദി സിഖ് നേതാവുമായ പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മില്ലര്‍.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ വെച്ച് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ‘റോ’ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അടുത്തിടെ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യ റിപ്പോര്‍ട്ട് തള്ളിയെങ്കിലും ഇതിന്മേലുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഗുരുതരമായ വിഷയത്തില്‍ ‘അനാവശ്യവും അടിസ്ഥാനരഹിതവുമായ’ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.













