
ത്വക്ക് കാൻസർ ചികിത്സയിൽ വലിയ കുതിച്ച് ചാട്ടത്തിന് സഹായിക്കുന്ന സോപ്പ് സൃഷ്ടിച്ച 15 വയസ്സുള്ള യുഎസ് ബാലനെ ടൈം മാഗസിനും ടൈം ഫോർ കിഡ്‌സും 2024 കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. യുഎസിലെ വിർജീനിയയിൽ നിന്നുള്ള ഹേമാൻ ബെക്കെലെയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഹേമാന്റെ കണ്ടുപിടിത്തം സ്കിൻ കാൻസർ ചികിത്സയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നതാണെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിക്കൊണ്ട് ടൈം മാഗസിൻ അറിയിച്ചു. മെലനോമ ഉൾപ്പെടെയുള്ള ത്വക്ക് അർബുദങ്ങളെ ചികിത്സിക്കുന്നതിനും ഇത് സഹായിച്ചേക്കാം.
“ഒരു ദിവസം എൻ്റെ ഈ സോപ്പിന് മറ്റൊരാളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ചിന്തിക്കുന്നത് തന്നെ തികച്ചും അവിശ്വസനീയമാണ്,” 15 വയസ്സുകാരൻ ടൈം മാഗസിനോട് പറഞ്ഞു
എത്യോപ്യയിൽ വളർന്ന ഹേമാൻ ബെക്കലെ, ചെറുപ്പം മുതലേ ആളുകളുടെ ചർമ്മത്തിൽ സൂര്യൻ്റെ സ്വാധീനം എങ്ങനെയെന്ന് നിരീക്ഷിച്ചിരുന്നു. ചർമ്മ സംരക്ഷണം നോക്കാതെ പലരും വെയിലത്ത് ജോലി ചെയ്യുന്നത് ഹേമാൻ ശ്രദ്ധിച്ചു.
വർഷങ്ങൾക്ക് ശേഷം, തൻ്റെ കുടുംബം യുഎസിലേക്ക് കുടിയേറിയ ശേഷം, 7 വയസ്സുള്ള ബെക്കെലെയ്ക്ക് ക്രിസ്മസ് സമ്മാനമായി സോഡിയം ഹൈഡ്രോക്സൈഡ് അടങ്ങിയ ഒരു കെമിസ്ട്രി സെറ്റ് ലഭിച്ചു. അങ്ങനെയാണ് ബെക്കലെ രാസപ്രവർത്തനങ്ങളുടെ ശക്തി പഠിക്കാൻ തുടങ്ങിയത്. ആ സമയത്തുതന്നെ, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് മനുഷ്യശരീരത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വിമർശനാത്മകമായി ചിന്തിക്കാനും തുടങ്ങി. അതിനാൽ, സ്കിൻ ക്യാൻസറിനെയും അതിൻ്റെ ചികിത്സയെയും ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളിൽ ബെക്കലെ താൽപ്പര്യം പ്രകടിപ്പിച്ചു.
ചിലതരം ത്വക്ക് കാൻസറിനെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇമിക്വിമോഡ് എന്ന മരുന്നിനെക്കുറിച്ച് ബെകെലെ മനസ്സിലാക്കി. ക്രീം രൂപത്തിൽ ഉപയോഗിക്കുമ്പോൾ, മുഴകൾ നശിപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ, 15 വയസ്സുകാരൻ സ്കിൻ ക്യാൻസറിൻ്റെ ആദ്യ ഘട്ടങ്ങളെ ചികിത്സിക്കാൻ എത്തരത്തിൽ ഇമിക്വിമോഡ് ഉപയോഗിക്കാം എന്ന് മനസിലാക്കി.
“ഒരുവിധം എല്ലാവരും ശരീരം വൃത്തിയാക്കാൻ സോപ്പും വെള്ളവും ഉപയോഗിക്കുന്നു. അതിനാൽ സോപ്പ് ആയിരിക്കും ഏറ്റവും മികച്ച ഓപ്ഷൻ,” എന്നതുകൊണ്ടാണ് താൻ ഒരു സോപ്പ് വികസിപ്പിക്കാൻ തീരുമാനിച്ചതെന്ന് ബെകെലെ പറഞ്ഞു.