
വാഷിങ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎസ്. ഇക്കാര്യം ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിൽ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും റാഫയിൽ കരയുദ്ധം പാടില്ലെന്നും പ്രമേയത്തിൽ യുഎസ് ആവശ്യപ്പെടും.
ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച ആവശ്യമുന്നയിച്ച് യുഎന്നിൽ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം നാളിതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ അമേരിക്ക, ഒടുവിൽ നിലപാടിൽ മാറ്റം വരുത്തുകയാണ്.
യുഎസും ഈജിപ്തും ഇസ്രായേലും ഖത്തറും തമ്മിലുള്ള ചർച്ചകളെ അപകടത്തിലാക്കുമെന്ന ആശങ്കയിൽ, അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് അൾജീരിയ തയ്യാറാക്കിയ പ്രമേയം ചൊവ്വാഴ്ച വീറ്റോ ചെയ്യുമെന്ന് യുഎസ് സൂചന നൽകിയതിന് പിന്നാലെയാണ് ഈ നീക്കം. ഈ പ്രമേയം ബന്ദി കൈമാറ്റത്തിന് വിലങ്ങുതടിയാകുമെന്നാണ് യുഎസിന്റെ ആരോപണം.
ഇതുവരെ, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ യുഎൻ നടപടികളിൽ വെടിനിർത്തൽ എന്ന വാക്കിനോട് വാഷിംഗ്ടൺ വിമുഖത കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കടുത്ത ഭാഷയിലായിരുന്നു യുഎസിന്റെ പ്രതികരണം.















