യുഎസിൽ നിന്ന് 31 MQ-9B ഡ്രോണുകൾ ഇന്ത്യ വാങ്ങുന്നു; 4 ബില്യൺ ഡോളർ കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അംഗീകരം

ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റിന്റെ അംഗീകാരം. അമേരിക്കൻ പൌരനായ ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്നും കരാർ റദ്ദാക്കണമെന്നും യുഎസ് നിയമനിർമാണ സഭയിലെ അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും കരാറിനെ ബാധിച്ചിട്ടില്ല.

3.99 ബില്യൺ ഡോളർ വിലമതിക്കുന്ന 31 MQ-9B sky/Sea Guardian ഡ്രോണുകളും അനുബന്ധ സൈനിക ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കുന്നതിനുള്ള അംഗീകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകി.

നിർണ്ണായകമായ പ്രതിരോധ കരാർ ആറുവർഷത്തോളമായി പണിപ്പുരയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ വർഷത്തെ യുഎസ് സന്ദർശനത്തിനിടെയാണ് 3.99 ബില്യൺ ഡോളറിൻ്റെ അന്തിമ കരാർ രൂപപ്പെട്ടത്. 31 ഡ്രോണുകൾ ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും ഉപയോഗിക്കും.

ഇന്ത്യൻ നാവികസേനയ്ക്ക് 15 സീ ഗാർഡിയൻ ഡ്രോണുകളും കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതം സ്കൈ ഗാർഡിയൻ ഡ്രോണുകളും ലഭിക്കും. യുഎസിലെ ഒരു സ്വകാര്യ പ്രതിരോധ ആയുധ നിർമാണ സ്ഥാപനമായ ജനറൽ അറ്റോമിക്‌സ് എയറോനോട്ടിക്കൽ ആണ് MQ-9B നിർമ്മിക്കുന്നത്, എന്നാൽ സർക്കാർ-സർക്കാർ കരാറിൻ്റെ ഭാഗമാണ് സംഭരണം.

സാറ്റലൈറ്റ് സിഗനൽ വഴി പ്രവർത്തിക്കാനാവുന്ന വളരെ ഉയരത്തിലും ദൂരത്തിലും 40 മണിക്കൂർ വരെ പറക്കാൻ ശേഷിയുള്ള ഡ്രോണുകളാണിവ. ഇവയെ ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (HALE) ഡ്രോണുകൾ എന്ന് വിളിക്കുന്നു.ഡ്രോണിന് ലേസർ ഗൈഡഡ് നാല് ഹെൽഫയർ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിക്കാനാകും.

നേരത്തെ പന്നൂൻ വധ ഗൂഢാലോചന ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള കരാർ യുഎസ് തടഞ്ഞുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകൾ തള്ളിയാണ് യുഎസ് കരാറിന് അംഗീകാരം നൽകിയത്.

US Clears Sale Of 31 MQ-9B Armed Drones To India