
റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ നിക്കി ഹേലിയുടെ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയും അമേരിക്കൻ പ്രസിഡൻറുമായ ജോ ബൈഡനു വേണ്ടി ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന പ്രചാരണത്തിന് ഇറങ്ങി.
. “സൗത്ത് കരോലിനയിൽ പ്രസിഡൻ്റ് ബൈഡനോടൊപ്പം പ്രചാരണം നടത്തുന്നതിൽ അഭിമാനിക്കുന്നു,” ഖന്ന എക്സിൽ കുറിച്ചു.. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പ്രൈമറികളുടെ അടുത്ത മൽസര രംഗമായ സൗത്ത് കരോലിനയിലെ കൊളംബിയയിൽ പ്രചാരണം നടത്തുകയായിരുന്നു ബൈഡൻ. ഡെമോക്രാറ്റിക് പ്രൈമറി ഫെബ്രുവരി 3 ന് ആണെങ്കിൽ, റിപ്പബ്ളിക്കൻ പ്രൈമറി ഫെബ്രുവരി 24 നാണ്. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഹേലിയുമാണ് സൗത്ത് കരോലിനയിൽ പോരാടുന്ന രണ്ട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ. ഫെബ്രുവരി 23 ന് തൻ്റെ സ്വന്തം സംസ്ഥാനത്ത് ശക്തമായ പ്രകടനം പ്രതീക്ഷിക്കുന്നതായി ഹേലി ഉറപ്പിച്ചു പറഞ്ഞു.
“വർഷങ്ങളായി നടക്കുന്ന പൗരാവകാശ ചരിത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ, ഒരു ആദ്യ തലമുറ ഇന്ത്യൻ – അമേരിക്കൻ എന്ന നിലയിൽ ഹേലിക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു എന്ന് അവർക്ക് പൊതു സമൂഹത്തോട് തുറന്നു പറയാമായിരുന്നു.”സൗത്ത് കരോലിനയിലെ കൊളംബിയയിൽ നടന്ന “ഫസ്റ്റ് ഇൻ ദി നേഷൻ ഡിന്നർ” എന്ന പരിപാടിയിൽ ഖന്ന പറഞ്ഞു.
“നോക്കൂ, ഒരു ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിൽ പറയട്ടെ,എന്റെ മാതാപിതാക്കളും, നിക്കിയുടെ പിതാവും 1960-കളുടെ അവസാനത്തിൽ ഇവിടെ വന്നു. പിന്നെ നിങ്ങൾക്കറിയാമോ? 1965-ന് മുമ്പ്, ഏഷ്യക്കാരായ ഒറ്റ കുടിയേറ്റക്കാരെ പോലും അമേരിക്ക സ്വീകരിച്ചിരുന്നില്ല. പിന്നീട് എത്ര പോരാട്ടങ്ങൾക്ക് ഒടുവിലാണ് ഇന്ത്യക്കാർ, ചൈനക്കാർ, ഏഷ്യക്കാർ – എല്ലാം സ്വീകാര്യരായത് എന്ന് നിങ്ങൾ മറക്കരുത്. ജിം ക്ലൈബേണിനെപ്പോലുള്ളവർ ജയിലിൽ കിടന്നത് കൊണ്ടാണ്. എലീനർ നോർട്ടനെപ്പോലുള്ളവർ വാഷിംഗ്ടണിൽ മാർച്ച് സംഘടിപ്പിച്ചത് കൊണ്ടാണ്. ജോൺ ലൂയിസിനെ എഡ്മണ്ട് പെറ്റസ് ബ്രിഡ്ജിൽ വെച്ച് തല്ലിച്ചതച്ചത് കൊണ്ടാണ് ഈ രാജ്യം നിക്കി ഹേലിക്കും എനിക്കും ഇവിടെ ജീവിക്കാൻ അനുമതി നൽകിയ 1965 ഇമിഗ്രേഷൻ നിയമം പാസാക്കിയത് ,” അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഒരു കോൺഗ്രസുകാരനെന്ന നിലയിൽ എനിക്ക് ഈ വേദിയിൽ നിൽക്കാൻ കഴിയുന്നത്, നിക്കി ഹേലിക്ക് മൽസരിക്കാനാകുന്നത്. നമ്മൾ ചരിത്രം മറക്കരുത്. ചരിത്രം മറന്നാൽ പഴയ ഇരുണ്ട കാലത്തേക്ക് തിരിച്ചു പോകും. അദ്ദേഹം പറഞ്ഞു. ബൈഡൻ അമേരിക്കയിലെ ഇടത്തരക്കാർക്കും സാധാരണക്കാർക്കുമായാണ് നിലകൊള്ളുന്നതെന്നും ട്രംപാകട്ടെ ഈ നാട്ടിലെ പണക്കാർക്കും കോർപറേറ്റുകൾക്കും വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും ഖന്ന പറഞ്ഞു.
US Congressman Ro Khanna Campaigns For Joe Biden