
വാഷിംഗ്ടണ്‍ : മെഡിക്കല്‍ മോണിറ്ററിംഗ് ടെക്‌നോളജി കമ്പനിയായ മാസിമോയുമായുള്ള പേറ്റന്റ് ലംഘന തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത പുതിയ ആപ്പിള്‍ വാച്ച് മോഡലുകളുടെ ഇറക്കുമതി നിരോധനം മറികടക്കാന്‍ ആപ്പിളിന് പുനര്‍രൂപകല്‍പ്പന ഉപയോഗിക്കാമെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍.
യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി) പുറപ്പെടുവിച്ച ഇറക്കുമതി നിരോധനം ആപ്പിളിന്റെ നിലവിലെ സീരീസ് 9, അള്‍ട്രാ 2 വാച്ചുകള്‍ക്ക് ബാധകമാണ്. ഇത് ഡിസംബര്‍ 26 മുതലാണ് പ്രാബല്യത്തില്‍ വന്നത്.
നിരോധനം വന്നതിന്റെ അടുത്ത ദിവസം നിരോധനം താല്‍ക്കാലികമായി നിര്‍ത്താന്‍ ആപ്പിള്‍ യുഎസ് അപ്പീല്‍ കോടതിയെ സമീപിച്ചു. വാച്ചുകള്‍ മാസിമോയുടെ രക്ത-ഓക്സിജന്‍ റീഡിംഗ് പേറ്റന്റുകളെ ലംഘിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് പുനര്‍രൂപകല്‍പ്പന ചെയ്യുമെന്ന് ആപ്പിള്‍ വാദിച്ചിരുന്നു.
വാച്ചുകളുടെ സോഫ്റ്റ്വെയറിലേക്കുള്ള അപ്ഡേറ്റ് ഉള്‍പ്പെട്ടേക്കാവുന്ന പുനര്‍രൂപകല്‍പ്പനയെക്കുറിച്ച് ആപ്പിള്‍ പരസ്യമായി വിവരം നല്‍കിയിട്ടില്ല.
ആപ്പിള്‍ വാച്ചുകളില്‍ ഉപയോഗിക്കുന്നതിനായി ആപ്പിള്‍ തങ്ങളുടെ ജീവനക്കാരെ ജോലിക്കെടുക്കുകയും അതിന്റെ പള്‍സ് ഓക്‌സിമെട്രി സാങ്കേതികവിദ്യ മോഷ്ടിക്കുകയും ചെയ്തുവെന്ന് മാസിമോ ആരോപിക്കുന്നു. മാസിമോയുടെ നിയമനടപടികളെ എതിര്‍ത്ത ആപ്പിളാകട്ടെ മാസിമോ സ്വന്തം സ്മാര്‍ട്ട് വാച്ചിനായുള്ള ഒരു വഴിയൊരുക്കലാണ് ഇതിലൂടെ നടത്തുന്നതെന്നും വാദിച്ചു.
രണ്ട് മാസിമോ പേറ്റന്റുകള്‍ ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രക്ത-ഓക്സിജന്‍ അളവ് കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയുള്ള ആപ്പിള്‍ വാച്ചുകളുടെ ഇറക്കുമതിയും വില്‍പ്പനയും ഐടിസി തടഞ്ഞു.
2020-ല്‍ ആപ്പിള്‍ അതിന്റെ സീരീസ് 6 ആപ്പിള്‍ വാച്ച് മുതല്‍ സ്മാര്‍ട്ട് വാച്ചുകളില്‍ പള്‍സ് ഓക്സിമീറ്റര്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടിസി തീരുമാനത്തെത്തുടര്‍ന്ന് ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് 9, അള്‍ട്രാ 2 വാച്ചുകളുടെ വില്‍പന അമേരിക്കയില്‍ ക്രിസ്മസിന് മുമ്പ് നിര്‍ത്തിവച്ചു. എങ്കിലും ആമസോണ്‍, ബെസ്റ്റ് ബൈ, കോസ്റ്റ്കോ, വാള്‍മാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള യുഎസ് റീട്ടെയിലര്‍മാരില്‍ നിന്നും വാച്ച് ലഭ്യമായിരുന്നു.












