
വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണെന്ന പരാമർശവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. സി എൻ എൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് കമല ഹാരിസ്, ട്രംപ് ഒരു ഫാസിസ്റ്റാണെന്നാണ് കരുതുന്നതെന്ന് പറഞ്ഞത്. പ്രസിഡന്റ് പദവി വഹിക്കാൻ ട്രംപ് അനുയോജ്യനല്ലെന്നാണ് താൻ കരുതുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറിന് ഉണ്ടായിരുന്നത് പോലെയുള്ള ജനറലുകളെ തനിക്ക് ആവശ്യമാണെന്ന് ഒരിക്കൽ ട്രംപ് പറഞ്ഞിട്ടുണ്ടെന്നും സി എൻ എൻ ചർച്ചയിൽ വാദമുയർന്നു. ഹിറ്റ്ലർ പരാമർശത്തിന്‍റെ പേരിൽ മുൻ പ്രസിഡന്‍റിനെതിരെ ചർച്ചയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഹിറ്റ്‌ലറിനെ ട്രംപ് പലതവണ പുകഴ്ത്തിയതായി അദ്ദേഹത്തിന്‍റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞതും ചർച്ചയിൽ ഉയർന്നു.
ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ പ്രവർത്തിച്ച എല്ലാ റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഡിഫൻസ് സെക്രട്ടറി എന്നിവരെല്ലാം ട്രംപ് പദവിക്ക് അനുയോജ്യനല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കമല വിവരിച്ചു. യു.എസിന്റെ ഭരണഘടനയെ അട്ടിമറിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നാണ് ഇവരുടെയെല്ലാം അഭിപ്രായമെന്നും കമല ഹാരിസ് ചൂണ്ടികാട്ടുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാളുകൾ ശേഷിക്കെ വാശിയേറിയ പോരാട്ടമാണ് സ്ഥാനാർത്ഥികളായ ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം ഇരു പക്ഷവും നടത്തുന്നുണ്ട്. കമല ഹാരിസിനെതിരെ വംശീയ അധിക്ഷേപങ്ങളടക്കം ട്രംപ് ഉന്നയിച്ച സാഹചര്യങ്ങളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ട്രംപിനെതിരെ കമല ഹാരിസ് വിമർശനമുയർത്തിയത്.