ഇറാൻ ഭീകരത കയറ്റുമതി ചെയ്യുന്നു; ഛാബഹാർ ഇടപാടിൽ യുഎസ് പ്രതിനിധി

ന്യൂഡൽഹി: തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാനുമായി ഇടപഴകുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് വ്യവസായങ്ങൾ അറിഞ്ഞിരിക്കണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. എന്നിരുന്നാലും, ഇറാനുമായുള്ള ഛബഹാർ തുറമുഖ കരാറിൽ ഇന്ത്യയ്ക്ക് ഉപരോധം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മുന്നറിയിപ്പിൽ കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്ന് ഗാർസെറ്റി പറഞ്ഞു.

ഇറാനുമായി ബിസിനസ് ഇടപാടുകൾ പരിഗണിക്കുന്ന ആരും യുഎസ് ഉപരോധത്തിൻ്റെ സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ ഛാബഹാർ തുറമുഖം പ്രവർത്തിപ്പിക്കുന്നതിനുള്ള 10 വർഷത്തെ കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ ഉപരോധം നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പുണ്ടായിരുന്നു.

എന്നാൽ ഈ പദ്ധതി ഒരു വലിയ പ്രദേശത്തിന് മുഴുവൻ പ്രയോജനകരമാകുമെന്നും വളരെ ഇടുങ്ങിയ കാഴ്ച്ചപ്പാടോടെ ആരും അതിനെ വിലയിരുത്തരുതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ ഛാബഹാറിൻ്റെ വലിയ പ്രസക്തിയെ അമേരിക്ക തന്നെ അഭിനന്ദിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.