
ജോർദാനിലുള്ള ടവർ 22 എന്ന അമേരിക്കൻ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണം നടത്താൻ നേതൃത്വം നൽകിയ കതൈബ് ഹിസ്ബുള്ള കമാൻഡർ അബൂബക്കർ അൽ-സാദിയ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പാണ് കതൈബ് ഹിസ്ബുള്ള.
“യുഎസ് സൈനികർക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി ഞങ്ങൾ ഇറാഖിൽ ഒരു ആക്രമണം നടത്തി. യുഎസ് സേനയ്‌ക്കെതിരായ ആക്രമണങ്ങൾ നേരിട്ട് ആസൂത്രണം ചെയ്യുന്നതിനും അതിൽ പങ്കെടുക്കുന്നതിനും ഉത്തരവാദിയായ കതൈബ് ഹിസ്ബുള്ള കമാൻഡറെ വധിച്ചു,” യുഎസ് സൈന്യത്തിൻ്റെ പ്രസ്താവനയിൽ അറിയിച്ചു.
കിഴക്കൻ ബാഗ്ദാദിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് അബൂബക്കർ അൽ-സാദിയ കൊല്ലപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് 2 പേർ കൂടി കൊല്ലപ്പെട്ടു. ഇറാഖിൻ്റെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സി (പിഎംഎഫ്)ൻ്റെ വാഹനമായിരുന്നു അത്. ഇറാനുമായി ബന്ധമുള്ള പല തീവ്രവാദ ഗ്രൂപ്പ് അംഗങ്ങൾക്കും പിഎംഎഫുമായി ബന്ധമുണ്ട്. ജനുവരി മാസത്തിൽ യുഎസ് സേനാത്താവളത്തിൽ കതൈബ് ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിന് പകരം വീട്ടുമെന്ന് അന്നു തന്നെ യുഎസ് ഇറാനെ അറിയിച്ചിരുന്നു. അതിനെ തുടർന്ന് യുഎസ് ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
US Killed Kataib Hezbollah Commander who is responsible for attacks on US troops














