യെമനിലെ 14 ഹൂതി കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു

യെമനിലെ വിമത പോരാളികളായ ഹൂതികളുടെ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും അമേരിക്കൻ ആക്രമണം. മിസൈലുകൾ തൊടുക്കാൻ സജ്ജമാക്കിയിരുന്ന യെമനിലെ 14 കേന്ദ്രങ്ങൾക്ക് നേരെ സൈന്യം ആക്രമണം നടത്തിയെന്ന് അമേരിക്കൻ സൈനിക കമാൻഡ് എക്‌സിലൂടെ വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്കും അമേരിക്കൻ നാവിക കപ്പലുകൾക്കും ഭീഷണി ഉയർത്തിയ മിസൈൽ കേന്ദ്രങ്ങളാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം 11.59 നായിരുന്നു ആക്രമണം.

അടുത്തിടെ ഏദൻ ഉൾക്കടലിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്‌നർ കപ്പലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.

“ലോഞ്ച് റെയിലുകളിൽ ഉണ്ടായിരുന്ന മിസൈലുകൾ ഈ മേഖലയിലെ വ്യാപാര കപ്പലുകൾക്കും യുഎസ് നാവികസേന കപ്പലുകൾക്കും ഭീഷണി ഉയർത്തി. എപ്പോൾ വേണമെങ്കിലും ആക്രമണം നടക്കുമായിരുന്നു. ഇത് പ്രതിരോധിക്കാനുള്ള അവകാശവും ബാധ്യതയുമാണ് യു എസ് സേന വിനിയോഗിച്ചത്,” സെൻട്രൽ കമാൻഡ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

ചെങ്കടൽ, ബാബ്-എൽ-മണ്ടേബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ ലക്ഷ്യം ഇതിലൂടെ നശിപ്പിച്ചു എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. 2022 നവംബർ മുതലാണ് ഹമാസിന് ഐക്യദാര്‍ഡ്യമറിയിച്ചുകൊണ്ട് ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ആരംഭിച്ചത്. ഇതോടെ പല പ്രമുഖ ചരക്ക് കപ്പൽ കമ്പനികളും ചെങ്കടൽ വഴിയുള്ള ഗതാഗതം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.

ഗാസയിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കുംവരെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹൂതികളുടെ നിരവധി കേന്ദ്രങ്ങൾ അമേരിക്കയും യുകെയും നേതൃത്വം നൽകുന്ന സംഘം ആക്രമിച്ചിരുന്നു. അതിന് അവർ തിരിച്ചടി നൽകിയിരുന്നു. ചെങ്കടലിൽ നിരന്തര ആക്രമണം തുടരുന്ന ഹൂതികളെ ഭീകര സംഘടനയായി കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്ക് മറുപടിയായിട്ടാണ് ഈ നീക്കമെന്ന് അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വ്യക്തമാക്കിയിരുന്നു.

US launches fourth round of strikes on Houthis in Yemen

More Stories from this section

family-dental
witywide