ന്യൂജഴ്സി: അമിത വ്യായാമം മൂലം യുഎസില്‍ ആറുവയസുകാരനായ ബാലന്‍ മരിച്ചു. ന്യൂജേഴ്‌സിയിലാണ് പിതാവ് തന്റെ ആറ് വയസുള്ള മകനെ നിര്‍ബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിച്ചത്. മകന് അമിത വണ്ണമുണ്ടെന്ന് കാണിച്ച് ട്രെഡ്മില്‍ ഉപയോഗിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മരണം സംഭവിച്ചത്. എന്നാൽ വ്യായാമമല്ല, മകന്റെ മരണത്തിന് കാരണമായത് ന്യൂമോണിയയാണെന്ന് ഇയാൾ അവകാശപ്പെട്ടു.
ആറുവയസുകാരൻ കോറി മിക്കിയോലോയുടെ മരണവുമായി ട്രെഡ്മിൽ വ്യായാമത്തിന് ഒരു ബന്ധവുമില്ലെന്നാണ് കുട്ടിയുടെ പിതാവ് ക്രിസ്റ്റഫർ ഗ്രിഗറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. 2021 മാർച്ചിലാണ് സംഭവം നടന്നത്. 31 കാരനായ ക്രിസ്റ്റഫർ ഗ്രിഗർ മൂന്ന് മാസത്തിന് ശേഷം അറസ്റ്റിലായി. ബോണ്ടില്ലാതെയാണ് ഇയാളെ ഓഷ്യൻ സിറ്റി ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.
അറ്റ്‌ലാൻ്റിക് ഹൈറ്റ്‌സ് ക്ലബ്‌ഹൗസ് ഫിറ്റ്‌നസ് സെൻ്ററിൽ, ആറുവയസ്സുകാരനെ ട്രെഡ്‌മില്ലിൽ അതിവേഗത്തിലും ഓടാൻ ഗ്രിഗർ നിർബന്ധിക്കുന്നതായി കാണിക്കുന്ന വീഡിയോ ഓഷ്യൻ കൗണ്ടിയിലെ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് കേസ് കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തന്റെ മകൻ വളരെയധികം തടിച്ച ശരീരപ്രകൃതിയായിരുന്നു എന്നാണ് ക്രിസ്റ്റഫർ പറയുന്നത്.
കുട്ടി ട്രെഡ്മില്ലില്‍ ഓടുന്നതും തുടര്‍ച്ചയായി അതില്‍ നിന്ന് വീഴുന്നതും ദൃശ്യത്തില്‍ കാണാം. വീണ കുട്ടിയെ വീണ്ടും വീണ്ടും വ്യായാമം ചെയ്യിക്കുകയായിരുന്നു പിതാവ്. കുട്ടിയുടെ മാതാവ് ബ്രെന മിക്കിയോലോയാണ് കേസിലെ നിര്‍ണായക സാക്ഷി. കുട്ടി ട്രെഡ്മില്‍ ഉപയോഗിക്കുന്നതും വീഴുന്നതും കോടതിയില്‍ വച്ചുകണ്ട മാതാവ് പൊട്ടിക്കരഞ്ഞു. അനാവശ്യമായ വ്യായാമം മൂലം കുട്ടിയുടെ ഹൃദയത്തിനും കരളിനും ദോഷം സംഭവിച്ചാണ് മരണമുണ്ടായത്. ക്രിസ്റ്റഫര്‍ ഗ്രിഗര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.