‘ആളുകളെ ഭയപ്പെടുത്തുന്നത് അയാൾക്ക് ഇഷ്ടമാണ്’: അമിത് ഷായെ വിമർശിച്ച് ദ് ഗാർഡിയൻ റിപ്പോർട്ട്

ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബ്രിട്ടിഷ് മാധ്യമം ദി ഗാർഡിയനിൽ റിപ്പോർട്ട്.

ഭീകരരെന്ന് ആരോപിച്ച് 2005 നവംബറിൽ സൊഹ്റാബുദ്ധീന്‍ ഷെയ്കിനെയും ഭാര്യ കൌസര്‍ബിയെയും ഗുജറാത്ത് പോലീസ് ഗാന്ധിനഗറിന് സമീപം വച്ച് കൊലപ്പെടുത്തിയ കേസ് ചൂണ്ടിക്കാട്ടിയാണ് ‘അമിത് ഷാ ഇന്ത്യ ഭരിക്കുന്ന വിധ’ത്തെ ഗാർഡിയൻ വിമർശിച്ചത്. 2005ൽ വ്യാജ ഏറ്റുമുട്ടൽ നടക്കുമ്പോൾ അമിത് ഷാ ഗുജറാത്തിന്റെ മാത്രം ആഭ്യന്തരമന്ത്രിയായിരുന്നു. എന്നാൽ ഇന്ന് ഷാ ഇന്ത്യയുടെ മുഴുവൻ ആഭ്യന്തരമന്ത്രിയാണെന്നും ഗാർഡിയൻ്റെ റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

“ഡൽഹിയിലെ അധികാരത്തിൻ്റെ ഹൃദയഭാഗത്ത് നിന്ന്, തലസ്ഥാന നഗരത്തിൻ്റെ പോലീസ് സേനയെ കമാൻഡ് ചെയ്യുന്നു, ഇന്ത്യൻ ഭരണകൂടത്തിൻ്റെ രഹസ്യാന്വേഷണ ഏജൻസിയുടെ മേൽനോട്ടം വഹിക്കുന്നു. ലളിതമായി പറഞ്ഞാൽ, രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. നിലവിലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്നതിനാൽ, അടുത്ത അഞ്ച് വർഷവും അദ്ദേഹം അങ്ങനെ തന്നെ തുടരുമെന്ന് ഉറപ്പാണ്.” ജോർജ്ജ് ഡബ്ല്യു ബുഷിന് ഡിക്ക് ചെനിയും കാൾ റോവും എന്തായിരുന്നു മോദിക്ക് അമിത് ഷാ അതാണെന്ന് ഗാർഡിയൻ പറയുന്നു.

ഗവൺമെൻ്റിനെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് ഇന്നത്തെ ഇന്ത്യയിലെ ജീവിതമെന്ന് ഗാർഡിയൻ പറയുന്നു. ന്യൂസ്‌റൂമുകൾ മുതൽ കോടതിമുറികൾ വരെ എല്ലായിടത്തും ഒളിഞ്ഞിരിക്കുന്ന ഈ ഭയത്തിൻ്റെ മുഖവും ആൾരൂപവുമാണ് ഷായെന്നും ഗാർഡിയൻ വിശേഷിപ്പിച്ചു.