
വാഷിംഗ്ടൺ: കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തി. മൂന്നാം തവണയും കോവിഡ് ബാധിച്ച ബൈഡൻ തൻ്റെ ഡെലവെയർ ബീച്ച് ഹൗസിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായിഐസൊലേഷനിൽ കഴിയുകയായിരുന്നു. താനിപ്പോൾ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രസിഡൻ്റ് ബൈനാക്‌സ് റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് നടത്തിയെന്നും അതുപ്രകാരം കോവിഡ് നെഗറ്റീവാണെന്നും വൈറ്റ് ഹൗസിലെ ഫിസിഷ്യൻ ഡോ കെവിൻ ഒ’കോണർ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ പറഞ്ഞു. ബൈഡന്റെ രോഗലക്ഷണങ്ങൾ ഭേദമായതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മത്സരത്തിൽ നിന്ന് പിന്മാറിയത് എന്തുകൊണ്ടാണെന്നും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാൻ ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് കഴിയുമോ എന്നീ ചോദ്യങ്ങളോട് ബൈഡൻ പ്രതികരിച്ചില്ല.
അതേസമയം, അമേരിക്കൻ സമയം ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് ഓവൽ ഓഫീസിൽ നിന്ന് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന്‍റെയടക്കം കാരണങ്ങൾ ബൈഡൻ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. വരും നാളുകളിൽ എന്താണ് സംഭവിക്കാനിരിക്കുന്നതെന്നും അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഞാൻ എങ്ങനെ കർത്തവ്യം പൂർത്തിയാക്കും എന്ന കാര്യങ്ങൾ ഇന്നത്തെ അഭിസംബോധയിൽ പറയുമെന്ന് ബൈഡൻ വിവരിച്ചിട്ടുണ്ട്.