
കഴിഞ്ഞ ദിവസം ജോർദാനിലെ യുഎസ് സൈനിക താവളത്തിലുണ്ടായ(ടവർ 22) ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇറാൻ നിഷേധിച്ചിരുന്നു. എന്നാൽ ഇറാനുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് യുഎസ് ഉറപ്പിക്കുന്നു. പലദിവസങ്ങളിലായി ഒന്നിലധികം തവണ ആക്രമണം നടത്താൻ അമേരിക്ക തീരുമാനിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനുള്ളിൽ തന്നെയായിരിക്കുമോ ഇറാനു വെളിയിലും തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് കാത്തിരുന്നു കാണാനാണ് ഉയർന്ന വൈറ്റ് ഹൌസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി.
യുഎസ് ആക്രമണം എവിടെ സംഭവിക്കും ഇറാനിയൻ ഉദ്യോഗസ്ഥരെ നേരിട്ട് ടാർഗെറ്റുചെയ്യുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. ഇറാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങളുണ്ട്.
തീവ്രവാദികളുടെ ആക്രമണത്തിന് തിരിച്ചടി നൽകാൻ യുഎസ് തീരുമാനിച്ചു കഴിഞ്ഞു എന്ന് ജോ ബൈഡൻ ചൊവ്വാഴ്ച രാവിലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
ഇറാനാണോ ഉത്തരവാദിയെന്ന് ചോദിച്ചപ്പോൾ, ടെഹ്‌റാൻ ഇത്തരം ഗ്രൂപ്പുകളെ ആയുധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തുന്ന ആളുകൾക്ക് ഇറാനാണ് ആയുധങ്ങൾ നൽകുന്നത്. അതുകൊണ്ട് അവർക്കാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം. അതേ സമയം പശ്ചിമേഷ്യൻ മേഖലയിൽ ഒരു വ്യാപക യുദ്ധത്തിന് അമേരിക്ക മുതിരുന്നില്ല എന്നും ബൈഡൻ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ ബൈഡൻ്റെ തന്ത്രം പാളിയെന്നും ഇറാനെ നേരിട്ട് ആക്രമിക്കണമെന്നുമാണ് റിപ്പബ്ലിക്കന്മാരുടെ ആവശ്യം. തങ്ങളുടെ സൈനികരെ ആക്രമിക്കുന്നവരെ വെറുതെ വിടില്ല എന്ന് ലോകത്തിനു മുഴുവൻ വ്യക്തമായ സന്ദേശം നൽകുന്ന മറുപടി നൽകണമെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ആവശ്യപ്പെട്ടു.
ജോർദാനിലെ തന്ത്രപ്രധാനമായ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ടവർ 22 എന്ന അറിയപ്പെടുന്ന യുഎസ് സൈനിക ബേസിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. 3 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് ആർമി ഉദ്യോഗസ്ഥരുടെ പേരുകൾ പെൻ്റഗൺ തിങ്കളാഴ്ച പുറത്തുവിട്ടു. സെർജെൻ്റ് വില്യം ജെറോം റിവർസ് ( 46), കെന്നഡി ലാഡൺ സാൻഡേഴ്‌സ്( 24.), ബ്രയോണ അലക്‌സോണ്ട്രിയ മൊഫെറ്റ് (23) എന്നിവരാണ് അവർ. എല്ലാവരും ജോർജിയയിൽ നിന്നുള്ള ആർമി റിസർവ് എഞ്ചിനീയറിംഗ് യൂണിറ്റിൽ നിന്നുള്ളവരാണ്.
US readies retaliatory strikes for drone attack in Jordan Us Military Base















