
മിഡിൽ ഈസ്റ്റിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ യുഎസ് ഗൈഡഡ് മിസൈൽ അന്തർവാഹിനി അയച്ചു. ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഈ വിവരം അറിയിച്ചത്. പശ്ചിമേഷ്യയിലേക്കുള്ള യുദ്ധവിമാനങ്ങളുടെയും വിന്യാസം വേഗത്തിലാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും മുതിർന്ന നേതാക്കൾ അടുത്തിടെ കൊല്ലപ്പെട്ടതിന് ശേഷം വ്യാപകമായ പ്രാദേശിക സംഘർഷം ഉണ്ടാകുമോ എന്ന ഭയത്തിന് മറുപടിയായാണ് ഈ നീക്കം. ഇറാൻ്റെ ഏത് ആക്രമണത്തിൽ നിന്നും ഇസ്രായേലിനെ പ്രതിരോധിക്കാൻ യുഎസ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഓസ്റ്റിൻ പറഞ്ഞു.
ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി സംസാരിച്ച ശേഷമാണ് ലോയ്ഡ് ഓസ്റ്റിന്റെ ഉത്തരവ്. ഇസ്രയേൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നേരത്തെ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചിരുന്നു.
എബ്രഹാം ലിങ്കൺ സ്‌ട്രൈക്ക് ഗ്രൂപ്പിനോടാണ് ഈ മേഖലയിലേക്കുള്ള വിന്യാസം ത്വരിതപ്പെടുത്താൻ ലോയ്ഡ് ഓസ്റ്റിൽ ആവശ്യപ്പെട്ടത്. ജൂലൈ 31 ന് ടെഹ്‌റാനിൽ വെച്ച് ഹമാസിൻ്റെ ഉന്നത രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പകരം വീട്ടുമെന്ന് ഇറാൻ അറിയിച്ചിരുന്നു.














