ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരായ ആദ്യ ടി20 പരമ്പര സ്വന്തമാക്കി യു.എസ് ടീം, തലതാഴ്ത്തി ബംഗ്ലാദേശ്‌

ടി 20 യില്‍ രണ്ട് മത്സരങ്ങളില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കി യുഎസ് ടീം. രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് യുഎസ്എ പരമ്പര സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരായ ആദ്യ ടി20 പരമ്പര കൈപ്പിടിയിലൊതുക്കുകയായിരുന്നു യു.എസ് ടീം.

ടി20യിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആവേശകരമായ രണ്ടാം മത്സരം വ്യാഴാഴ്ച ടെക്സാസിലായിരുന്നു നടന്നത്. ആറ് റണ്‍സിന് നിര്‍ണായക വിജയം നേടിയ അലി ഖാന്‍ യുഎസ്എയുടെ ഹീറോയായി ഉയര്‍ന്നു. പരമ്പര 2-0 ന് ലീഡ് നേടുകയും ചെയ്തു. ആദ്യ പരമ്പര യു.എസ്.എ അഞ്ച് വിക്കറ്റിന് നേടിയിരുന്നു. ചൊവ്വാഴ്ചത്തെ ആദ്യ വിജയം യുഎസ്എയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തി. മികച്ച പത്ത് ടി20 ഐ ടീമിനെതിരായ ആദ്യ വിജയമായിരുന്നു ഇത്. ഈ വിജയം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വരാനിരിക്കുന്ന ലോകകപ്പിനുള്ള അവരുടെ സന്നദ്ധതയും ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 19.3 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. 25 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അലി ഖാനാണ് യുഎസ് ബൗളിങ്ങില്‍ തിളങ്ങിയത്. ഷെഡ്ലി, സൗരഭ് നേത്രാവല്‍ക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു വിജയത്തിന് തിളക്കം കൂട്ടി.

ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര പരാജയം ചെറിയ നോവല്ല സമ്മാനിക്കുന്നത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും തൗഹിദ് ഹൃദോയും ചേര്‍ന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ തുടക്കത്തിലേ പാളിയ കളിയെ അല്‍പ്പനേരത്തേക്ക് ഒന്ന് രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഷാക്കിബ് അല്‍ ഹസന്റെ ശ്രമങ്ങള്‍ പാഴായതും ബംഗ്ലാദേശിന് തിരിച്ചടിയായി. നിര്‍ണായകമായ 18-ാം ഓവറില്‍ അലി ഖാന്‍ ഷാക്കിബിനെ പുറത്താക്കുകയായിരുന്നു.