ഗാസ അധിനിവേശം ഉടൻ അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ഉത്തരവിടരുത്; അന്താരാഷ്ട്ര കോടതിയിൽ യുഎസ്

വാഷിങ്ടൺ: സുരക്ഷാ ഗ്യാരണ്ടികളില്ലാതെ പലസ്തീന് പ്രദേശങ്ങളില് നിന്ന് നിരുപാധികം ഇസ്രയേലി സേനയെ പിൻവലിക്കാൻ ഉത്തരവിടരുതെന്ന് അമേരിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) അറിയിച്ചു.

ഇസ്രയേലിനെതിരായ വംശഹത്യ കേസിൽ ആറുദിവസം നീളുന്ന വാദങ്ങൾ പുരോഗമിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുഎസിനായി എത്തിയ സ്റ്റേറ്റ് വകുപ്പ് ഇടക്കാല നിയമ ഉപദേഷ്ടാവ് റിച്ചാർഡ് സി വിസെക് ആണ് ഇസ്രയേലിനായി വാദിച്ചത്. വാദങ്ങളിൽ പങ്കെടുക്കില്ലെന്ന് ഇസ്രയേൽ നേരത്തേ വ്യക്തമാക്കിയിരുന്നു.

“അധിനിവേശ പ്രദേശത്ത് നിന്ന് ഉടനടി നിരുപാധികം പിന്മാറാൻ ഇസ്രായേൽ നിയമപരമായി ബാധ്യസ്ഥരാണെന്ന് കോടതി നിർദേശിക്കരുത്. വെസ്റ്റ് ബാങ്കിൽ നിന്നും ഗാസയിൽ നിന്നും ഇസ്രയേലിൻ്റെ പിൻവാങ്ങൽ സാധ്യമാക്കുന്ന ഏതൊരു നീക്കവും, ഇസ്രായേലിൻ്റെ യഥാർത്ഥ സുരക്ഷാ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്,” വിസെക് പറഞ്ഞു.

1967 ലെ ആറ് ദിവസത്തെ അറബ്-ഇസ്രായേൽ യുദ്ധത്തിലെ വിജയത്തിന് ശേഷം വന്ന പലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.