ഇറാനെതിരായ തിരിച്ചടിയിൽ ഭാഗമാകില്ലെന്ന് യുഎസ്; തീരുമാനമെടുക്കാനാകാതെ ഇസ്രയേൽ

വാഷിങ്ടൺ: ഇറാനെതിരായ ഒരു പ്രതികാര ആക്രമണത്തിലും യുഎസ് പങ്കെടുക്കില്ലെന്ന് വൈറ്റ് ഹൗസ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയതായി മുതിർന്ന ഉദ്യോഗസ്ഥർ. ഏപ്രിൽ 1 ന് സിറിയയിലെ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞദിവസം 300-ലേറെ ഡ്രോണുകളും മിസൈലുകളും ക്രൂയിസ് മിസൈലുകളുമാണ് ഇറാന്‍ ഇസ്രയേലിന് നേരേ വര്‍ഷിച്ചത്. എന്നാല്‍, ഇവയില്‍ മിക്കതും ലക്ഷ്യത്തിലെത്തും മുമ്പേ ഇസ്രയേല്‍ സേന തകര്‍ത്തിരുന്നു.

ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ 99 ശതമാനവും ഇസ്രയേല്‍ തകര്‍ത്തതായും ഇത് ഇറാനുമേല്‍ ഇസ്രയേലിനുള്ള സൈനിക ആധിപത്യം വ്യക്തമാക്കുന്നതാണെന്നുമാണ് യുഎസ് അധികൃതരുടെ വിലയിരുത്തല്‍.

ഇറാനെതിരായ തിരിച്ചടി ശ്രദ്ധയോടെയാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ തിരിച്ചടി നടത്തുമ്പോള്‍ തന്ത്രപരമായി വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, കഴിഞ്ഞദിവസം ഇറാന്റെ മിസൈല്‍ ആക്രമണത്തെ ഇസ്രയേല്‍ വിജയകരമായി പ്രതിരോധിച്ചതായാണ് അമേരിക്കയുടെ വിലയിരുത്തല്‍.

അതേസമയം, അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇറാനെതിരേയുള്ള പ്രതികരണം എങ്ങനെയാകണമെന്നതില്‍ തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ ‘വാര്‍ കാബിനറ്റ്’ യോഗം പിരിഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ‘വാര്‍ കാബിനറ്റ്’ യാതൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞത്. ഉടന്‍തന്നെ ഇതുസംബന്ധിച്ച് വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide