
വാഷിംഗ്ടണ്‍: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കൊടുംപിരി കൊള്ളുന്നതിനിടെ റഫ ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കകളാണ് ഇപ്പോള്‍ പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. അതിനിടെ അമേരിക്ക ഇസ്രായേലിലേക്ക് 2000 ബോംബുകള്‍ അയയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
ഗാസയിലെ റഫയില്‍ ഇസ്രായേല്‍ സൈന്യം നടത്താനൊരുങ്ങുന്ന സൈനിക ആക്രമണത്തെക്കുറിച്ച് യുഎസ് ആശങ്ക പ്രകടിപ്പിച്ചിട്ടും, ഇസ്രയേലിന് ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാന്‍ ജോ ബൈഡന്‍ ഭരണകൂടം അനുമതി നല്‍കി. ആയിരത്തി എണ്ണൂറിലധികം എംകെ84 2000 പൗണ്ട് ബോംബുകളും, അഞ്ഞൂറ് എംകെ82 500പൗണ്ട് ബോംബുകളും ആണ് പുതിയ ആയുധ പാക്കേജില്‍ ഉള്ളത്.
അതേസമയം, ആയുധ കൈമാറ്റത്തോട് അമേരിക്കയോ വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയോ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് മാര്‍ച്ച് 25 ന് യുഎസ് വിട്ടുനിന്നതിന് ശേഷമാണ് ഈ പുതിയ യുദ്ധസഹായ കൈമാറ്റം.