ഹൂതി വിമതര്‍ക്കെതിരെ തിരിച്ചടിച്ച് യു.എസും യു.കെയും, രണ്ടാം വട്ട സംയുക്ത സൈനിക നടപടി തുടങ്ങി

വാഷിംഗ്ടണ്‍: ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂതി വിമതര്‍ക്കെതിരായ തങ്ങളുടെ രണ്ടാം വട്ട സംയുക്ത സൈനിക നടപടിയുടെ ഭാഗമായി പുതിയ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. കപ്പല്‍ ഗതാഗതത്തിന് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇരു കൂട്ടരും സംയുക്ത നടപടിയുമായി വീണ്ടും എത്തിയത്.

ജനുവരി 11-ന് അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ വിമത ഗ്രൂപ്പിനെതിരെ ആദ്യ സംയുക്ത ആക്രമണം നടത്തിയിരുന്നു. മിസൈലുകള്‍ ഉപയോഗിച്ച് അമേരിക്ക കൂടുതല്‍ വ്യോമാക്രമണം നടത്തി.

എന്നാല്‍ ഹൂതികള്‍ തങ്ങളുടെ ആക്രമണം തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും തിങ്കളാഴ്ച അവര്‍ യുഎസ് സൈനിക ചരക്ക് കപ്പലിനെ ലക്ഷ്യം വച്ച് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ഇപ്പോഴത്തെ പുതിയ ആക്രമണം.

‘അന്താരാഷ്ട്ര, വാണിജ്യ കപ്പലുകള്‍ക്കും ചെങ്കടലിലൂടെ കടക്കുന്ന നാവിക കപ്പലുകള്‍ക്കുമെതിരായ ഹൂത്തികളുടെ തുടര്‍ച്ചയായ ആക്രമണത്തിന് മറുപടിയായി യെമനിലെ എട്ട് ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെയാണ് ഏറ്റവും പുതിയ യുഎസ്-യുകെ ആക്രമണങ്ങളെന്ന് യു.എസും യു.കെയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഹൂത്തികളുടെ ഭൂഗര്‍ഭ സംഭരണ സ്ഥലവും ഹൂത്തികളുടെ മിസൈല്‍, വ്യോമ നിരീക്ഷണ ശേഷിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ആക്രമിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

‘ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവനും ഭീഷണിപ്പെടുത്താന്‍ ഹൂത്തികള്‍ ഉപയോഗിക്കുന്ന മര്‍ഗങ്ങളെ തടസ്സപ്പെടുത്താനും തരംതാഴ്ത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ കൃത്യമായ സ്ട്രൈക്കുകളെന്നും’ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

‘അമേരിക്കന്‍-ബ്രിട്ടീഷ് സേന തലസ്ഥാനമായ സനയിലും മറ്റ് പല ഭാഗങ്ങളിലും റെയ്ഡ് നടത്തുകയാണെന്ന്’ യെമനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സബ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, തിങ്കളാഴ്ച രാവിലെ, യെമന്‍ തീരത്ത് യുഎസ് സൈനിക ചരക്ക് കപ്പലിന് നേരെ വെടിയുതിര്‍ത്തതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു.

ഹമാസ്-ഇസ്രായേല്‍ യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ഫലസ്തീനികളെ പിന്തുണച്ച് ഇസ്രായേല്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുകയാണെന്ന് പറഞ്ഞാണ് ഹൂതി വിമതര്‍ നവംബറില്‍ ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കാന്‍ തുടങ്ങിയത്.

യെമനിനെതിരായ ഏത് ആക്രമണത്തിനും മറുപടി നല്‍കുമെന്നും ഫലസ്തീന്‍ പ്രദേശത്തെ യുദ്ധം അവസാനിക്കുന്നതുവരെ ചെങ്കടലും ഏദന്‍ ഉള്‍ക്കടലും കടക്കുന്നതില്‍ നിന്ന് ഇസ്രായേലി കപ്പലുകളെ തടയുമെന്നും വിമതര്‍ തിങ്കളാഴ്ച ആവര്‍ത്തിച്ചു.

ലെബനന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റില്‍ ഉടനീളം വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും അക്രമങ്ങളും കനത്ത ഭീതി സൃഷ്ടിക്കുന്നുണ്ട്.

More Stories from this section

family-dental
witywide