
വാഷിംഗ്ടണ്‍: യുഎസും യുകെയും ചേര്‍ന്ന് യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ ശനിയാഴ്ച പന്ത്രണ്ടിലധികം’ വ്യോമാക്രമണം നടത്തിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചെങ്കടലിലെ വാണിജ്യ കപ്പല്‍പാതകള്‍ ആക്രമിക്കുന്നത് തുടര്‍ന്ന യെമനിലെ ഹൂതികള്‍ക്ക് താക്കീത് നല്‍കുകയും ആക്രമണം അവസാനിപ്പിക്കാന്‍ ഹൂതികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്നതിനായുമാണ് ശനിയാഴ്ച ആക്രമണം നടത്തിയത്. ജനുവരി 11 ന് ശേഷമുള്ള സംയുക്ത സഖ്യസേനയുടെ നാലാം റൗണ്ട് ആക്രമണമാണിത്.
ഹൂത്തികളുടെ ഭൂഗര്‍ഭ ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍, വണ്‍-വേ അറ്റാക്ക് ആളില്ലാ വ്യോമ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, ഒരു ഹെലികോപ്റ്റര്‍ എന്നിവ ലക്ഷ്യമിട്ട് യെമനിലെ എട്ട് സ്ഥലങ്ങളിലായി 18 ഹൂതികളുടെ ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയത്. ഓസ്ട്രേലിയ, ബഹ്റൈന്‍, കാനഡ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ് എന്നീ സൈനികര്‍ ഉള്‍പ്പെട്ട ശനിയാഴ്ചത്തെ വ്യോമാക്രമണത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
”ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ജലപാതകളിലൊന്നിലെ ജീവിതവും വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക മടിക്കില്ലെന്നും നിയമവിരുദ്ധമായ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അവര്‍ വഹിക്കുമെന്ന് ഞങ്ങള്‍ ഹൂതികളോട് വ്യക്തമാക്കുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അമേരിക്കയും യുകെയും ആക്രമണങ്ങള്‍ തുടരുന്നത് വകവയ്ക്കാതെ, ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലുമുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നത് തുടരുകയാണ്. ചെങ്കടലിലെ കപ്പല്‍ പാതയില്‍ നവംബര്‍ 19 മുതല്‍ കുറഞ്ഞത് 60 ഹൂതി ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നത്.











