
വാഷിങ്ടൺ: കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പം ഗണ്യമായി കുറയുകയും രണ്ട് വർഷത്തിലേറെയായി തൊഴിലില്ലായ്മ നിരക്ക് 4% ത്തിൽ താഴെയെത്തുകയും ചെയ്തെങ്കിലും സാധനങ്ങളുടെ വിലക്കയറ്റം അധിവേഗം ഉയരുന്ന അവസ്ഥയാണ് അമേരിക്കയിൽ.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആകുന്നതാണ് നല്ലതെന്ന് യുഎസ് വോട്ടർമാർ കരുതുന്നു. എന്നാൽ ജനാധിപത്യം സംരക്ഷിക്കുന്നതിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ സമീപനമാണ് കൂടുതൽ വോട്ടർമാരെയും ആകർഷിക്കുന്നതെന്ന് പുതിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോൾ കണ്ടെത്തി.
മൂന്നു ദിവസത്തെ വോട്ടെടുപ്പ് ഞായറാഴ്ചയാണ് സമാപിച്ചത്. നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് അഞ്ച് മാസം ബാക്കിയുള്ളപ്പോൾ, രാജ്യം അഭിമുഖീകരിക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങളായി യുഎസ് വോട്ടർമാർ കരുതുന്നത് ഇവയാണ്.
വോട്ടെടുപ്പിൽ പ്രതികരിച്ചവരിൽ 37 ശതമാനം പേരാണ് ബൈഡനെ അംഗീകരിച്ചത്. മെയ് മാസത്തിൽ ഇത് 36 ശതമാനമായിരുന്നു. തൻ്റെ പ്രായത്തെക്കുറിച്ചുള്ള വോട്ടർമാരുടെ ആശങ്കകൾ ബൈഡനെ തളർത്തുമെന്ന് പല ഡെമോക്രാറ്റുകളും ആശങ്കപ്പെടുന്നുണ്ട്. 81 വയസാണ് ബൈഡന്റെ പ്രായം. അമേരിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആണ് ജോ ബൈഡൻ. ഹമാസിനെതിരായ ഇസ്രയേൽ യുദ്ധത്തെ പിന്തുണച്ചതിലും പാർട്ടിക്കുള്ളിൽ വിയോജിപ്പുകളുണ്ട്.
രണ്ട് സ്ഥാനാർത്ഥികളിൽ ആരാണ് സമ്പദ്‌വ്യവസ്ഥയോട് മികച്ച സമീപനം പുലർത്തുന്നതെന്ന് ചോദിച്ചപ്പോൾ രജിസ്റ്റർ ചെയ്ത വോട്ടർമാർ ട്രംപിനെ അനുകൂലിച്ചു. പ്രത്യേകിച്ച് അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നിലപാടിന് കൂടുതൽ സ്വീകാര്യതയുണ്ട്. കുടിയേറ്റ വിഷയത്തിലും ട്രംപിന്റെ നിലപാടിനോടാണ് ഭൂരിപക്ഷം ആളുകൾക്കും ആഭിമുഖ്യം. 2022ൽ 13.9 ശതമാനം കുടിയേറ്റക്കാർ അമേരിക്കയിലുണ്ട്. ഈ വിഷയത്തിൽ 40 ശതമാനം പേർ ട്രംപിനെ പിന്തുണച്ചപ്പോൾ 35 ശതമാനം മാത്രമാണ് ബൈഡന് ലഭിച്ച പിന്തുണ.
രാഷ്ട്രീയ തീവ്രവാദം, സംഘർഷങ്ങൾ, ഭീഷണികൾ എന്നീ വിഷയങ്ങളിൽ ബൈഡൻ സ്വീകരിക്കുന്ന നടപടികളെയാണ് കൂടുതൽ ആളുകളും അനുകൂലിക്കുന്നത്. അഭിപ്രായ സർവേയിൽ പങ്കെടുത്തവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആശങ്കയും ഈ വിഷയങ്ങളിൽ ആയിരുന്നു. ഈ വിഷയങ്ങളിൽ 39 ശതമാനം പേർ ബൈഡനെയും 33 ശതമാനം പേർ ട്രംപിനെയും പിന്തുണച്ചു.