
വാഷിംഗ്ടൺ: ഇറാനുമായുള്ള വ്യാപാര ഇടപാടുകളിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഉപരോധ സാധ്യതകളെക്കുറിച്ചാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സന്ദർശനത്തിന് പിന്നാലെയാണിത്. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇറാൻ പ്രസിഡന്റ് പാക്കിസ്ഥാനിലെത്തുന്നത്. റെയ്സിയുടെ പാക് സന്ദർശനത്തിനിടെ രാഷ്‌ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ എട്ട് ഉഭയകക്ഷി കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
പാക്കിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിലേക്ക് സാധനങ്ങൾ വിതരണം ചെയ്തതിന് പിന്നാലെ ചൈനയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള ചില സ്ഥാപനങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വെളിപ്പെടുത്തി.
വ്യാപന ശൃംഖലകൾ, വൻതോതിലുള്ള ആയുധ സംഭരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കു മേലുള്ള ഉപരോധം തുടരും. ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ പരിഗണിക്കുന്ന ഏതൊരാളും ഉപരോധത്തിൻ്റെ സാധ്യതയെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നത് നല്ലതാണ്. പക്ഷേ ആത്യന്തികമായി, പാക്കിസ്ഥാൻ സർക്കാരിന് അവരുടെ സ്വന്തം വിദേശ നയവുമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
”പാകിസ്താൻ വിദേശനയം അവരുടെ സ്വന്തം കാര്യമാണ്. എന്നാൽ ഇറാനുമായി വ്യാപാര ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തേയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. ആയുധങ്ങൾ സംഭരിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി എടുക്കുന്നത് തുടരുമെന്നും” പട്ടേൽ വ്യക്തമാക്കി.
“ഇവ കൂട്ട നശീകരണ ആയുധങ്ങൾ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാലും അവ വിതരണം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളായതിനാലുമാണ് ഉപരോധം ഏർപ്പെടുത്തിയത്,” ഈ ഉപരോധങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പത്രപ്രവർത്തകരെ അഭിസംബോധന ചെയ്യവെ പട്ടേൽ പറഞ്ഞു.














