
കാലിഫോർണിയ: നാല് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കാലിഫോർണിയയിൽ പെൺകുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഈസ്റ്റ് ലോസ് ഏഞ്ചൽസിലെ കാറിൽ പെൺകുട്ടിയുടെ ശരീരം ചേതനയറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകക്കുറ്റം ആരോപിച്ച് 38കാരിയായ മരിയ ആവലോസിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, യുവതിക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും ജയിൽ രേഖകൾ പ്രകാരം അവർ ഇപ്പോൾ കസ്റ്റഡിയിലാണ്.
മിയ ഗോൺസാലസ് ആണ് കൊല്ലപ്പെട്ട 4 വയസ്സുകാരി.”മിയ ശരിക്കും നല്ല കുട്ടിയായിരുന്നു. അവൾ എൻ്റെ വീടിൻ്റെ വെളിച്ചമായിരുന്നു. അവൾ ഇത് അർഹിക്കുന്നില്ല.” മിയയുടെ ഗോഡ് മദർ നോമി ലോപ്പസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കുട്ടി ആക്രമിക്കപ്പെട്ടുവെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധികൃതർ മിയയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ മിയയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാകാമെന്നും റിപ്പോർട്ട് നൽകി.
മിയയെ കണ്ടെത്തുന്നതിന് മുമ്പ് ദിവസങ്ങളോളം മിയയുടെ മൃതദേഹവുമായി അവലോസ് വാഹനമോടിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി കുടുംബം കെഎബിസിയോട് പറഞ്ഞു.
മിയയുടെ ശവസംസ്കാരച്ചെലവുകൾക്കായി കുടുംബം GoFundMe യിൽ ധനസമാഹരണം ആരംഭിച്ചു. ഇതുവരെ $1,000-ലധികം സമാഹരിച്ചു.