
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ധിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. സ്വമേധയാ രാജി വെച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകണം, സതീശന്‍ പറഞ്ഞു.
രണ്ടു പേരുടെ രാജിയില്‍ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വര്‍ഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്, സതീശന്‍ ആരോപിച്ചു.
യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോണ്‍ക്ലേവ് നടത്താനുമാണ് സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.
V D Satheesan says about govt. lapse on Hema Committee Report










