സംഭവിച്ചതെന്ത്? 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, 7 എണ്ണം മാത്രം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻ‍ഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. സംസ്ഥാനത്താകെ ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ് 100 ശതമാനം വിജയം നേടിയത്. സർക്കാർ സ്കൂളുകളിൽ നൂറുമേനി വിജയം കുറഞ്ഞതിൽ അന്വേഷണം പ്രഖ്യാപിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താനായി ഒരു വർഷം നീളുന്ന പദ്ധതി സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം 78.69 ശതമാനമാണ് ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം.

അതേസമയം വി എച്ച് എസ് ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.

Also Read

More Stories from this section

family-dental
witywide