
ആലപ്പുഴ: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണം അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രം നല്‍കുന്ന വിഹിതം കുറഞ്ഞത് ഒരു കാരണം മാത്രമാണെന്നും കേരളം നികുതിവെട്ടിപ്പ്കാരുടെ പറുദീസ ആണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ കുഴപ്പമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.
സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണ നല്‍കാത്തതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാനാണ് ഡല്‍ഹി സമരം. ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ അതിന്റെ പുറകെ പോകാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നും വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള പണത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ധവളപത്രം ഇറക്കട്ടെ. എല്ലാ രേഖകളും കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കില്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന സമരത്തില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം ഏകപക്ഷീയമായാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന വിലയിരുത്തല്‍ യുഡിഎഫ് യോഗത്തിലുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സര്‍ക്കാറും ഉത്തരവാദികളാണെന്നും സമരത്തില്‍ പങ്കെടുത്താല്‍ കേന്ദ്രം മാത്രം കുറ്റക്കാരായി മാറുമെന്നുമായിരുന്നു യുഡിഎഫ് വിലയിരുത്തല്‍.