‘പിണറായി ബിജെപിയുടെ മൗത്ത് പീസ്’; മോദിയുടെ തോളിലിരുന്ന് രാഹുല്‍ ഗാന്ധിയെ അപഹസിക്കാന്‍ ശ്രമിക്കുന്നു: വി.ഡി. സതീശൻ

ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തില്‍ ബിജെപിയുടെ മൗത്ത് പീസായാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ യുഡിഎഫ് അനുവദിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

കഴിഞ്ഞ 35 ദിവസവും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മാത്രമാണ് മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. തീര്‍ത്താല്‍ തീരാത്ത പ്രതികാരത്തോടെ മോദി ഭരണകൂടം എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു. ബിജെപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേര് മോദിയുടെ തോളില്‍ കയ്യിട്ട് പിണറായിയും വിളിക്കുമെന്നാണ് പറയുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് ഇല്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി ജനങ്ങള്‍ക്കുണ്ട്. അത് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും സതീശന്‍ പറഞ്ഞു.

ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി മേഘ എന്‍ജിനീയറിങ് 600 കോടി നല്‍കിയെന്ന് പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിക്കെതിരെ മോദിയുടെ സത്പേരിന് കളങ്കമുണ്ടാക്കിയെന്ന് പറഞ്ഞ് കേസെടുത്ത ആളാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചതിന് നല്‍കിയ 9 പരാതികളില്‍ ഒന്നില്‍ പോലും കേസെടുത്തിട്ടില്ല. മോദിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.

More Stories from this section

dental-431-x-127
witywide