‘എസ്എഫ്‌ഐഒ സേർച്ച് നടത്തരുത്, ചോദ്യം ചെയ്യരുത്’: കോടതിയില്‍ വീണ വിജയൻ്റെ ആവശ്യം, വീണക്കു വേണ്ടി വാദിക്കുന്നത് സാജന്‍ പൂവയ്യ അസോഷിയേറ്റ്‌സ്

എക്സാലോജിക്കിനെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിൻ്റെ അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും അത് റദ്ദാക്കണമെന്നും കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുമായ വീണ വിജയന്‍ കോടതിയിൽ ആവശ്യപ്പെട്ടു. ഇന്നലെ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധനയ്ക്കുശേഷം ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

ഹര്‍ജി തീര്‍പ്പാകുന്നതുവരെ കോര്‍പറേറ്റ് ലോ സര്‍വിസ് ഓഫിസര്‍ എം അരുണ്‍ പ്രസാദും സംഘവും ചോദ്യം ചെയ്യൽ, സേർച്ച് തുടങ്ങിയ നടപടികളൊന്നും എക്സാലോജിക്കിനും കമ്പനി ഉടമ വീണ വിജയനുമെതിരെ നടത്തരുതെന്ന നിര്‍ദേശം കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാനാധാരമായ എല്ലാ രേഖകളും കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ബന്ധപ്പെട്ട നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് തിടുക്കത്തില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വീണ ആരോപിക്കുന്നു. ആദ്യം ഉത്തരവിട്ട വകുപ്പുതല അന്വേഷണം ഭേദഗതി ചെയ്ത് എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് ഏകപക്ഷീയവും സംശയാസ്പദവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ബെംഗളുരുവില്‍ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ സാജന്‍ പൂവയ്യ അസോസിയേറ്റ്‌സാണ് വീണയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്.

ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവാണ് അന്വേഷണ പരമ്പരയ്ക്ക് ആധാരം. ബിസിനസ് വളര്‍ച്ചയ്ക്കായി നിരവധി രാഷ്ട്രീയക്കാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്കും സിഎംആര്‍എല്‍ കോടികള്‍ സമ്മാനമായി നല്‍കിയെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Veena Vijayan in Court against SFIO Investigation

More Stories from this section

family-dental
witywide