
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിലുള്ള സംവാദം കഴിഞ്ഞതോടെ ഏവരും ഉറ്റു നോക്കുന്നത് വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥികളുടെ നേർക്കുനേർ പോരാട്ടത്തിലേക്കാണ്. പ്രസിഡന്‍റ് സ്ഥാനാർഥികളുടെ ഏറ്റുമുട്ടലിന് ഇനിയൊരു സാധ്യതയുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ തന്നെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥികളുടെ സംവാദത്തിലെ രാഷ്ട്രീയ ചൂരും ചൂടും ഏറും.
അതിനിടയിലാണ് ട്രംപിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ജെഡി വാൻസും കമലയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ടിം വാൽസും തമ്മിലെ സംവാദത്തിലെ നിർണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. വാൻസും വാൽസും തമ്മിലുള്ള സംവാദത്തിന്‍റെ തിയതിയും സ്ഥലവും കുറിച്ചു എന്നതാണ് കാര്യം. ഒക്ടോബർ ഒന്നിന് ന്യൂയോർക്കിൽ വെച്ചാകും ഇരുവരും തമ്മിലുള്ള നേർക്കുനേർ സംവാദം.
അതേസമയം ട്രംപുമായുള്ള സംവാദതതിൽ കമലക്ക് മുൻതൂക്കം നേടാനായി എന്ന നിലയിലുള്ള സർവേകൾ ആണ് ഏറിയപങ്കും പുറത്തുവന്നിട്ടുള്ളത്. ഇത് കമലക്ക് വലിയ ഗുണം ചെയ്യുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ചൊവ്വാഴ്ച രാത്രി നടന്ന സംവാദത്തിനു ശേഷം കമലയുടെ പ്രചരണ ഫണ്ടിലേക്ക് ഒഴുകിയെത്തിയ ഡോളറുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.സംവാദത്തിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനിടെ 47 ദശലക്ഷം ഡോളറാണ് കമലയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയത്. 600,000 വ്യക്തിഗത ദാതാക്കളിൽ നിന്നാണ് 47 മില്യൺ ഡോളർ ലഭിച്ചത്. ഹാരിസ് പ്രചാരണ സമിതിയുടെ വക്താവ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഹാരിസിൻ്റെ ധനസമാഹരണ പ്രവർത്തനത്തിൽ വലിയ ഊർജ്ജമാണ് ട്രംപുമായുള്ള സംവാദം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.