എഡിജിപി അജിത് കുമാറിന് കുരുക്ക് മുറുകുന്നു, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: പി വി അൻവറിന്റെ പരാതിയിൽ എ ഡി ജി പി എം.ആര്‍ അജിത് കുമാറിന് കുരുക്ക് മുറുകുന്നു. എ ഡി ജി പിക്കെതിരായ പരാതികളിൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡി ജി പിയുടെ ശിപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. അധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മാണവും അന്വേഷണ പരിധിയില്‍ വരും. സസ്‌പെന്‍ഷനിലുള്ള എസ് പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കുമെന്നാണ് വിവരം.

അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുക നൽകി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ശിപാർശ.