
ചണ്ഡിഗഢ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് മത്സരിച്ചേക്കും. ന്യൂസ് ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിനേഷ് ഫോഗട്ടിന്റെ രാഷ്ട്രീയത്തിലെത്തിക്കാൻ വിവിധ പാർട്ടികൾ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്.
വിനേഷ് ഫോഗട്ട് മത്സരരംഗത്തെത്തിയാൽ ഗുസ്തി താരവും വിനേഷിന്റെ ബന്ധുവും ബിജെപി നേതാവുമായ ബബിത ഫോഗട്ടായിരിക്കും പ്രധാന എതിരാളി. അതിനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിനേഷുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഹരിയാണയില്‍ വിനേഷിന്റെ പേരില്‍ ഇതിനോടകംതന്നെ രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ് മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. അതേസമയം വിനേഷ് ഫോഗട്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.